കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സ്പീക്കര്‍ സ്വീകരിച്ചു

single-img
18 July 2018

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു ലോക്‌സഭയില്‍ സ്പീക്കര്‍ അവതരണാനുമതി നല്‍കി. ചര്‍ച്ച ചെയ്യുന്ന തീയതിയും സമയവും പിന്നീടു തീരുമാനിക്കും. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെയാണ് ഇക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തത്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് ആദ്യം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിന്നീട് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പെടെ മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികളും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.

മോദി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും അതിനാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തയാറാണെന്നും അടിയന്തര എന്‍ഡിഎ യോഗത്തിനു ശേഷം പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെച്ചൊല്ലി ലോക്‌സഭയില്‍ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.

കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരത നിലനില്‍ക്കുന്നുവെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ ആരോപിച്ചു. ആന്ധ്രയുടെ പ്രത്യേക പദവിയെച്ചൊല്ലി ടിഡിപിയും സ്വാമി അഗ്‌നിവേശിനെതിരായ ആക്രമണം ഉന്നയിച്ച് സമാജ്‌വാദി പാര്‍ട്ടിയും നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ രണ്ടു തവണ തടസപ്പെട്ടു.

അതേസമയം ദേശീയ താല്‍പ്പര്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ കാര്യപ്രസക്തമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഫലപ്രദമായ കാര്യങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ സമയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. ഫലപ്രദമായ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. അതു മുന്നോട്ടുകൊണ്ടുപോകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.