ധോണിക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍

single-img
18 July 2018

ധോണിയുടെ ബാറ്റിങ് രീതിയെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ധോണിയുടെ ബാറ്റിങ് രീതി ബാക്കിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കിയെന്നാണ് ഗംഭീര്‍ തുറന്നടിച്ചത്. ധോണിയുടെ ഇന്നിങ്‌സില്‍ ഡോട്ട് ബോളുകള്‍ കൂടുതലായി വരുന്നു.

മറുവശത്തു നില്‍ക്കുന്ന ബാറ്റ്‌സമാന് ഇത് വന്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ വ്യക്തമാക്കി. ഈ രീതിയില്‍ ധോണി ബാറ്റ് വീശുന്നത് അടുത്തെന്നും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ഗംഭീര്‍ അദ്ദേഹത്തിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും വ്യക്തമാക്കി.

ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ധോണി പുറത്തായപ്പോള്‍ ആരാധകര്‍ കയ്യടിക്കുകയും കൂവി വിളിക്കുകയും ചെയ്തിരുന്നു. ഈ മത്സരത്തില്‍ 59 ബോളില്‍ നിന്ന് 37 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാന്‍ സാധിച്ചിരുന്നത്. ലീഡ്‌സില്‍ നടന്ന അവസാന മത്സരത്തിലും ധോണിക്ക് ഫോമിലെത്താന്‍ സാധിച്ചിരുന്നില്ല. 66 ബോളുകള്‍ നേരിട്ട ധോണിക്ക് 42 റണ്‍സാണ് ഇന്നലെ നേടാന്‍ സാധിച്ചത്.

 

പരമ്പര തോറ്റ ശേഷം ധോണി അമ്പയറുടെ കയ്യില്‍ നിന്ന് പന്തുവാങ്ങി: ഇംഗ്ലണ്ടിനെതിരായ ഇന്നലത്തെ മത്സരം ധോണിയുടെ അവസാന ഏകദിനമായിരുന്നോ ?

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണി വിരമിച്ചേക്കുമെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തോടെ ഇത് ശക്തമായിരിക്കുകയാണ്.

ഇന്നലെ മത്സരം കഴിഞ്ഞ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ സമയത്ത് ധോണി അംപയര്‍മാരുടെ നേര്‍ക്കാണ് നടന്നുപോയത്. ഇവരുടെ പക്കല്‍ നിന്നും കളിക്കായി ഉപയോഗിച്ച ബോള്‍ ധോണി മത്സരത്തിന്റെ ഓര്‍മ്മയ്ക്കായിവാങ്ങി. ഇതാണ് ധോണി വിരമിക്കാനൊരുങ്ങുകയാണോ എന്ന ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിതുറന്നത്.

2014ല്‍ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ടില്‍ നിന്ന് സ്റ്റംപുകളെടുത്തിരുന്നു. അവസാന മത്സരത്തിന്റെ ഓര്‍മ്മക്കായാണ് ധോണി അങ്ങനെ ചെയ്തത്. തൊട്ടുപിന്നാലെ താരം ടെസ്റ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ആഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കുകയാണ്. അതിനുശേഷമാകും വിരമിക്കല്‍ പ്രഖ്യാപനമെന്ന തരത്തിലാണ് ചര്‍ച്ചകള്‍.

സാധാരണയായി താരങ്ങള്‍ വിക്കറ്റാണ് കളിയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാറുളളത്. എന്നാല്‍ ധോണിയുടെ നീക്കത്തിന് പിന്നിലെ കാരണം ആണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.