പരമ്പര തോറ്റ ശേഷം ധോണി അമ്പയറുടെ കയ്യില്‍ നിന്ന് പന്തുവാങ്ങി: ഇംഗ്ലണ്ടിനെതിരായ ഇന്നലത്തെ മത്സരം ധോണിയുടെ അവസാന ഏകദിനമായിരുന്നോ ?

single-img
18 July 2018

https://twitter.com/KSKishore537/status/1019298145447174146

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണി വിരമിച്ചേക്കുമെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തോടെ ഇത് ശക്തമായിരിക്കുകയാണ്.

ഇന്നലെ മത്സരം കഴിഞ്ഞ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ സമയത്ത് ധോണി അംപയര്‍മാരുടെ നേര്‍ക്കാണ് നടന്നുപോയത്. ഇവരുടെ പക്കല്‍ നിന്നും കളിക്കായി ഉപയോഗിച്ച ബോള്‍ ധോണി മത്സരത്തിന്റെ ഓര്‍മ്മയ്ക്കായിവാങ്ങി. ഇതാണ് ധോണി വിരമിക്കാനൊരുങ്ങുകയാണോ എന്ന ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിതുറന്നത്.

2014ല്‍ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ടില്‍ നിന്ന് സ്റ്റംപുകളെടുത്തിരുന്നു. അവസാന മത്സരത്തിന്റെ ഓര്‍മ്മക്കായാണ് ധോണി അങ്ങനെ ചെയ്തത്. തൊട്ടുപിന്നാലെ താരം ടെസ്റ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ആഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കുകയാണ്. അതിനുശേഷമാകും വിരമിക്കല്‍ പ്രഖ്യാപനമെന്ന തരത്തിലാണ് ചര്‍ച്ചകള്‍.

സാധാരണയായി താരങ്ങള്‍ വിക്കറ്റാണ് കളിയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാറുളളത്. എന്നാല്‍ ധോണിയുടെ നീക്കത്തിന് പിന്നിലെ കാരണം ആണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്റെ ഇന്നിംഗ്‌സ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

37 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് ആക്രമണ ശൈലിയിലായിരുന്നില്ല. ഇതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ധോണി വിരമിക്കേണ്ട സമയമായെന്ന് വീണ്ടും ആക്രമണം കടുത്തു. എന്നാല്‍ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ധോണിയെ പിന്തുണച്ച് രംഗത്ത് വരികയായിരുന്നു.

മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ മൂന്നാമത്തെ താരമായെങ്കിലും ഇന്നലെയും ധോണിക്കെതിരെയാണ് ആരാധകര്‍ വിമര്‍ശന ശരം തൊടുത്തത്. 66 പന്തിലായിരുന്നു ക്യാപ്റ്റന്‍ കൂള്‍ 42 റണ്‍സ് നേടിയത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടിയ മത്സരത്തില്‍ 25-30 റണ്‍സെങ്കിലും കുറഞ്ഞത് ധോണിയുടെ ഈ മെല്ലെപ്പോക്ക് മൂലമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.