രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

single-img
18 July 2018

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന വിദ്വേഷ ആള്‍ക്കൂട്ട അതിക്രമങ്ങളില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശും രണ്ടാമത് ഗുജറാത്തും ആണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നടന്ന സംഭവങ്ങളുടെ കണക്കാണ് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരിക്കുന്നത്.

ദളിത്, ആദിവാസി, ന്യൂനപക്ഷ മതവിഭാഗങ്ങള്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവരാണ് വ്യാപകമായി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ആറുമാസത്തിനിടെ 100 ആള്‍ക്കൂട്ട, വിദ്വേഷ അതിക്രമങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ ദലിതര്‍ക്കു നേരെ 67ഉം മുസ്ലിങ്ങള്‍ക്കെതിരെ 22ഉം അതിക്രമങ്ങള്‍ നടന്നു.

ഗോരക്ഷയുടെയും ദുരഭിമാനത്തിന്റെയും പേരിലുള്ള ആക്രമണങ്ങളാണ് കൂടുതല്‍. ഉത്തര്‍പ്രദേശില്‍ 18ഉം ഗുജറാത്തില്‍ 13ഉം അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആംനസ്റ്റി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഉത്തര്‍പ്രദേശു തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍.