അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് അറസ്റ്റില്‍

single-img
18 July 2018

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ വടുതല സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.

കൊലാപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ നിര്‍ദ്ദേശ അനുസരിച്ചാണ് മറ്റ് പ്രതികള്‍ ക്യാമ്പസില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. മുഹമ്മദിനെ കൂടാതെ നാല് പേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

ആക്രമണത്തില്‍ നേരിട്ട് പങ്കാളിയായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ബി.ടെക് വിദ്യാര്‍ത്ഥിയുമായ ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) അന്വേഷണസംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവര് എഴുത്തിനെ ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് അഭിമന്യുവിന്റെ കൊലയില്‍ കലാശിച്ചത്.

ചുവരില്‍ നവാഗതരെ വരവേല്‍ക്കാനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബുക്ക്ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇവിടെ മുഹമ്മദിന്റെ നേതൃത്വത്തില്‍ പോസ്റ്ററൊട്ടിച്ചു. ഇതിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വാക്കുതര്‍ക്കം അവസാനിപ്പിച്ച് മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവര്‍ മടങ്ങി. പിന്നീട് രാത്രിയില്‍ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ അഭിമന്യുവിനെ അടിച്ചുവീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. ഈ അക്രമികള്‍ തന്നെയാണ് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെയും കുത്തിയത്.