‘ഇന്ത്യയില്‍ ഹിന്ദു താലിബാന്‍ നിലനില്‍ക്കുന്നു’; ഗുണ്ടായിസം കാണിച്ചാണ് തന്റെ ചോദ്യങ്ങള്‍ക്ക് ബിജെപിക്കാര്‍ മറുപടി നല്‍കുന്നതെന്ന് ശശി തരൂര്‍

single-img
17 July 2018

തിരുവനന്തപുരം: ഗുണ്ടായിസം കാണിച്ചാണ് തന്റെ ചോദ്യങ്ങള്‍ക്ക് ബിജെപിക്കാര്‍ മറുപടി നല്‍കുന്നതെന്ന് ശശി തരൂര്‍ എംപി. തിരുവനന്തപുരത്തെ എംപി ഓഫീസ് ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍കൃത്യമായി സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാല്‍ അക്രമം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരാളെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

രാജ്യത്ത് ഹിന്ദുയിസത്തിന്റെ താലിബാനിസം കൊണ്ടുവരാനുള്ള ശ്രമമാണോ ബിജെപിയുടേതെന്ന് അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയാന്‍ ബിജെപിക്ക് എന്ത് അധികാരമാണുള്ളത്. ഭാരതമെന്നാല്‍ ഭരണഘടന വിഭാവനം ചെയ്ത ഭാരതമാണ്.

അതിനെ സംരക്ഷിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. ബിജെപി സംസാരിക്കുന്നത് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയാണ്. അത് ഭാരതത്തെ നശിപ്പിക്കും. പാകിസ്താന്‍ കാണിച്ചു വച്ച മണ്ടത്തരം ലോകത്തിന് മുന്നിലുണ്ട്. എല്ലാ മതങ്ങളേയും സംസ്‌കാരങ്ങളേയും സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഭാരതത്തിന്റെ കീര്‍ത്തി.

അതിന്റെ പേരിലാണ് ലോകത്തെല്ലാവരും നമ്മെ അംഗീകരിക്കുന്നത്. രാജ്യത്തെ ഭരണഘടനയെ അട്ടിമറിച്ച് ബിജെപി അജന്‍ഡ നടപ്പില്‍ വരാന്‍ സമ്മതിക്കരുതെന്നും തരൂര്‍ പറഞ്ഞു. യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.