”ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ച സ്‌കൂളുകള്‍”

single-img
17 July 2018

നാളെ സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?. കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളികള്‍ക്ക് അറിയേണ്ടത് ഈ ഒരേ ഒരു കാര്യം മാത്രമായിരുന്നു. നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് മാത്രം അറിയാനായി ന്യൂസ് ചാനലുകള്‍ മാറ്റി സ്‌ക്രോളും ഫ് ളാഷും ബ്രേക്കിങ്ങും വായിക്കുന്ന കുട്ടികള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അവധി വാര്‍ത്ത വരുന്നുണ്ടോ എന്നറിയാനായി മൊബൈലും കുത്തിപ്പിടിച്ചിരിക്കുന്ന രക്ഷിതാക്കള്‍….. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്ള മിക്ക വീടുകളിലെയും അവസ്ഥ ഇതാണ്.

”…. , …, …., …., ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.” ഈ ഒരു വാര്‍ത്തയെങ്ങാനും എവിടെയെങ്കിലും കണ്ടാല്‍ പിന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവും. മഴയെ തുടര്‍ന്നാണ് സ്‌കൂള്‍ അവധി കൊടുക്കുന്നതെങ്കിലും കേരളത്തില്‍ മഴ ശക്തമായി തുടരുമ്പോള്‍ എന്തൊക്കെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നോ, എത്ര പേര്‍ മരിച്ചു എന്നോ ഇവര്‍ക്കൊന്നും അറിയാന്‍ താല്‍പര്യം ഇല്ല.

പക്ഷേ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമ്പോള്‍ ചെറിയൊരു വിഭാഗം കുട്ടികള്‍ വിഷമത്തോടെയാണ് ഈ ഒരു വാര്‍ത്ത കേള്‍ക്കുന്നത്. പഠിക്കാന്‍ പറ്റില്ലല്ലോ സ്‌കൂളില്‍ പോകാന്‍ പറ്റില്ലല്ലോ എന്ന വിഷമം അല്ല ഇവര്‍ക്ക്. മറിച്ച് സ്‌കൂള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവരുടെ വയറു നിറയൂ. ഇവരുടെ വീട്ടില്‍ പട്ടിണിയും പരിവട്ടവുമാണ്. ഒരുനേരത്തെ ആഹാരം കിട്ടണമെങ്കില്‍ സ്‌കൂളില്‍ പോകണം…..

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്‌കൂള്‍ അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ട്രോളുകള്‍ക്ക് ഒരു കുറവുമില്ല. നിരവധി ട്രോളുകളാണ് ട്രോളന്മാര്‍ അടിച്ചിറക്കുന്നത്. അതിനിടെ സെലിബ്രിറ്റികളുടെ ഫേസ്ബുക് പേജുകള്‍ക്ക് കിട്ടുന്ന അതെ സ്വീകാര്യതയാണ് ഇന്ന് കളക്ടര്‍മാരുടെ പേജിനുമുള്ളത്.

മഴ കണ്ടാല്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ചില വിദ്യാര്‍ഥികള്‍. ചിലര്‍ അവധി ചോദിച്ചുവാങ്ങാനും തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ കഴിഞ്ഞയാഴ്ച വന്ന കമന്റുകളിലൊന്ന് ഇങ്ങനെ:

‘പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.,എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും..! പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും.ഇനി വരാനിരിക്കുന്ന കളക്ടര്‍ന്മാര്‍ക്ക് ഒരു യെസ് പറയാന്‍ ധൈര്യം കൊടുക്കുന്നൊരു ചരിത്രം..

‘കളക്ടര്‍ സാറിനെപ്പോലെ വലിയ ഒരാളായി തീരണമെന്നാണ് ആഗ്രഹമെങ്കിലും മഴയത്ത് സ്‌കൂളില്‍ പോയി അബദ്ധവശാല്‍ വല്ല ഒഴുക്കിലോ തോട്ടിലോ വീണു മരിച്ചാല്‍ ഈ സമൂഹത്തിനു കിട്ടേണ്ട വലിയൊരു മുത്തിനെ നിങ്ങള്‍ക്കു നഷ്ടമാകും, ഒരവധി തരുമോ എന്നായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ കമന്റ്. അവധി നല്‍കിയ കളക്ടറിന്റെ പേജിന് ലൈക്കുകള്‍ വാരിക്കൂട്ടി ഇനിയും അവധി തന്നാല്‍ ലൈക്കുകള്‍ വര്‍ധിപ്പിക്കാം എന്നു വിലപേശുന്നവരും കുറവല്ല.

എന്നാല്‍ അവധി നല്‍കുമ്പോള്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴിവാക്കുന്നതിനെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നുണ്ട്. നാളെ എങ്ങാനും അവധി കൊടുക്കുകയാണെങ്കില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ തരണം, ഞങ്ങള്‍ കോളേജില്‍ പഠിക്കുന്നത് നീന്തലല്ല സാര്‍ എന്നാണ് ഈ വിഭാഗത്തിന്റെ കമന്റുകള്‍.