വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

single-img
17 July 2018

കോട്ടയം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ പ്രൊഫഷണല്‍ കോളജുകൾക്ക് ഉൾപ്പെടെ നാളെ അവധി പ്രഖ്യാപിച്ചു. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെല്ലാം അവധിയാണ്.

അതേസമയം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. മേൽപ്പാലങ്ങൾ സുരക്ഷിതമാണെന്ന എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. എന്നാൽ ഓരോ ട്രെയിനുകൾ കടന്നു പോകുന്നതിന് മുമ്പും ശേഷവും ട്രാക്ക് പരിശോധിക്കും. ട്രെയിനുകൾക്ക് വേഗനിയന്ത്രണവുമുണ്ട്.

അപകടകരമായ നിലയിൽ മീനച്ചിലാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ട്രെയിൻ ഗതാഗതം നിർത്തി വയ്‌ക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്. നേരത്തെ, സുരക്ഷാ പരിശോധനയുടെ ഭാഗമായി കായംകുളം പാസഞ്ചർ ഏറ്റുമാനൂരിൽ നിർത്തി എൻജിൻ മാത്രം പാലങ്ങളിലൂടെ ഓടിച്ചിരുന്നു. ഈ പരിശോധന പൂർത്തിയായതിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ. വേഗതയിലും കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിഴിഞ്ഞം മുതൽ കാസർകോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയർന്ന തിരമാലകൾക്ക് (3.5 മീറ്റർ മുതൽ 4.9 മീറ്റർ വരെ) സാദ്ധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.