ശക്തമായ മഴ: കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

single-img
17 July 2018

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന്‌ അവധി പ്രഖ്യാപിച്ചു. കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള എല്ലാ സ്‌കൂളുകൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. കാർത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾക്കാണ് അവധി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂരിൽ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയായിരിക്കും.

അതേസമയം, എം.ജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അംഗണവാടികൾക്കും അവധി പ്രഖ്യാപിച്ചെങ്കിലും കുട്ടികൾക്കും ഗർഭിണികൾക്കും വൃദ്ധജനങ്ങൾക്കും നൽകുന്ന സമീകൃത ആഹാരവിതരണത്തിന് തടസം ഉണ്ടാകാതിരിക്കാൻ ഐ.സി.ഡി.എസ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോട്ടയം കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.