ഗോസംരക്ഷണ ആക്രമണങ്ങള്‍ക്കെതിരെ സുപ്രീംകോടതി: ആള്‍ക്കൂട്ടനിയമം അനുവദിക്കാനാകില്ല

single-img
17 July 2018

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി. പശുവിന്റെ പേരില്‍ അടക്കം നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഇത്തരം അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് നാല് ആഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന് പൂനംവല നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തന്നെ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ജനങ്ങള്‍ നിയമം കൈയിലെടുത്ത് നരനായാട്ട് നടത്തുന്നത് തടയണമെന്ന് അന്തിമവിധിയില്‍ സുപ്രീംകോടതി പറയുന്നു. ഇത്തരം ആക്രമണങ്ങള്‍ ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കില്ല. ആള്‍ക്കൂട്ട അക്രമങ്ങളില്‍ പങ്കെടുക്കന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.

ഇതിനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രത്യേക നിയമം കൊണ്ടു വരണം. കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നടപടി ഇക്കാര്യത്തിലുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്‌നം സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ആള്‍ക്കൂട്ടം ആളുകളെ കൊല്ലുമ്പോള്‍ മരവിച്ച മനസ്സോടെ അത് പൊതുജനം നോക്കി നില്‍ക്കുന്ന അവസ്ഥ രാജ്യത്തുണ്ടെന്ന് വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ കാഹളം മുഴക്കണമെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.