കിടപ്പാടത്തിനായി സമരം ചെയ്ത പ്രീത ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
17 July 2018

കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായി ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. അവര്‍ക്കൊപ്പമെത്തി പ്രതിഷേധിച്ച മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. ജപ്തി നടപടി തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് 12 പെരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു ഇവര്‍ ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സമരക്കാരെ അറസ്റ്റുചെയ്തത്. പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വീണ്ടും അനുവാദം കൊടുത്തത്.

മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ലേലത്തില്‍ വിറ്റ സ്ഥലം വാങ്ങിയ ആളാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചതും അനുകൂല വിധി സമ്പാദിച്ചതും.

വര്‍ഷങ്ങളായി എച്ച്ഡിഎഫ്‌സി ബാങ്കും പ്രീത ഷാജിയും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ തുടങ്ങിയിട്ട്. മാനത്തുംപാടത്തെ രണ്ടര കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള വീടും സ്ഥലവും 35 ലക്ഷം രൂപയ്ക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ലേലത്തില്‍ വിറ്റത്. സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ വീടിന് മുന്നില്‍ ചിതയൊരുക്കിയാണ് പ്രീതാ ഷാജി സമരം ചെയ്തിരുന്നത്.

ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. പ്രീതയുടെ പ്രതിഷേധത്തിന് നാട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തകരും ധനമന്ത്രി തോമസ് ഐസക്കും പിന്തുണ അറിയിച്ച് രംഗത്തു വന്നിരുന്നു.