ഓര്‍ത്തഡോക്‌സ് പീഡനം: രണ്ട് വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു

single-img
17 July 2018

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് വൈദികര്‍ പ്രതികളായ പീഡനക്കേസില്‍ വ്യാഴാഴ്ച വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.

ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് (സോണി), നാലാം പ്രതി ജെയ്‌സ് കെ. ജോര്‍ജ് എന്നിവരുടെ അറസ്റ്റാണ് ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് തടഞ്ഞത്. 37ാമത്തെ കേസായാണ് വൈദികരുടെ പീഡനക്കേസ് കോടതിയില്‍ എത്തിയത്. എന്നാല്‍, സമയകുറവ് പരിഗണിച്ച് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ വാദങ്ങള്‍ മുഖവിലക്കെടുത്താല്‍ പോലും പീഡനകുറ്റം നിലനില്‍ക്കില്ലെന്നാണ് ഇവരുടെ വാദം. മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്‌സ് കെ.ജോര്‍ജിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നു.

പ്രതികള്‍ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് വൈദികരായ ജോബ് മാത്യു, ജോണ്‍സണ്‍ വി.മാത്യു എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

1999ല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ഒന്നാംപ്രതി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. പിന്നീട് കുമ്പസാര രഹസ്യത്തിന്റെ പേരിലും മറ്റും ഭീഷണിപ്പെടുത്തി മറ്റുപ്രതികളും പീഡിപ്പിച്ചു. ചിത്രം മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.