സംസ്ഥാനത്ത് പെരുമഴയില്‍ 15 മരണം: വെള്ളിയാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

single-img
17 July 2018

സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി തുടരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്. മഴക്കെടുതികളില്‍ ഇന്നലെ മാത്രം 15പേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. എറണാകുളം നഗരത്തില്‍ 23, വൈക്കത്ത് 22, മൂന്നാറില്‍ 20 സെ.മി വീതം മഴ ലഭിച്ചു.

റോഡില്‍ വെള്ളം കയറിയും മരം വീണും സിഗ്‌നല്‍ സംവിധാനം തകരാറിലായും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. കോട്ടയത്തു മൂന്നിടത്ത് ഉരുള്‍പൊട്ടി. ഇടുക്കിയിലും ഉരുള്‍പൊട്ടല്‍. സംസ്ഥാനമാകെ വ്യാപകകൃഷിനാശം. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മാത്രം അഞ്ചു കോടി രൂപയുടെ നാശനഷ്ടം.

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്. ഇന്ന് കേരള, ലക്ഷദ്വീപ് തീരമേഖലയില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗം വരെയാകാം.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. ബീച്ചുകളില്‍ കടലില്‍ ഇറങ്ങരുത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയുള്ളപ്പോള്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുക. മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലെ ചെറിയ ചാലുകള്‍ക്കരികില്‍ പ്രത്യേക ജാഗ്രത വേണം. മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകരല്ലാത്തവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.