കാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ നഷ്ടപ്പെടരുത്: ഹൈക്കോടതി

single-img
17 July 2018

കൊച്ചി: കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടമാകരുതെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കലാലയം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിക്കും കാമ്പസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല.

അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ ഇടക്കാല ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.