രാജ്യമെമ്പാടുമുള്ള മദര്‍ തെരേസ മിഷനറി ഹോമുകളില്‍ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

single-img
17 July 2018

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മദര്‍ തെരേസ മിഷനറി ഹോമുകളിലും പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ജാര്‍ഖണ്ഡിലെ മിഷനറിക്ക് കീഴിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി ദത്തുനല്‍കുന്നുവെന്ന പരാതികളെത്തുടര്‍ന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കും ഒരു മാസത്തിനുള്ളില്‍ റജിസ്‌ട്രേഷന്‍ ഉറപ്പാക്കണമെന്നും ദത്തെടുക്കല്‍ ഏജന്‍സിയായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി(സിഎആര്‍എ)യുമായി ഈ സ്ഥാപനങ്ങള്‍ ബന്ധിപ്പിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.

റാഞ്ചിയില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്ത കേസില്‍ മിഷനറീസ് ഓഫ് ചാരിറ്റി അംഗമായ സിസ്റ്റര്‍ കൊന്‍സിലിയയും ജീവനക്കാരി അനിമ ഇന്‍ഡ്വറും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. നിര്‍മല്‍ ഹൃദയ് കേന്ദ്രം നാലു കുട്ടികളെ വിറ്റിട്ടുണ്ടെന്നും ഇതില്‍ മൂന്നുപേരെ വീണ്ടെടുത്തതായും പൊലീസ് പിന്നീട് അറിയിച്ചു.

രക്ഷിച്ച മൂന്നു കുട്ടികളെയും ശിശുസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ ഹോമിലേക്കു മാറ്റുകയും ചെയ്തു. തുടര്‍ന്നു മിഷനറീസ് ഓഫ് ചാരിറ്റിയുടെ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. ദത്തെടുക്കല്‍ നിയമാവലികളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയതിനെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ചാരിറ്റി അവരുടെ അനാഥമന്ദിരങ്ങളില്‍ ദത്തെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു.

പുതുക്കിയ നിയമാവലി പ്രാബല്യത്തില്‍ വന്നതു മുതല്‍ക്ക് സംഘടന ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ശേഷിക്കുന്ന കുട്ടികളെ രാജ്യത്തെ മറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ദമ്പതികള്‍ക്ക് മാത്രമല്ല ഒറ്റ രക്ഷിതാവിനും കുട്ടികളെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ദത്തെടുക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു സംഘടനയുടെ ഈ തീരുമാനം. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു.

ഈ നിലപാട് സ്വീകരിച്ചതിലൂടെ മതേതര അജന്‍ഡയ്ക്കു കീഴില്‍ വരാന്‍ മിഷണറീസ് ഓഫ് ചാരിറ്റി വിസമ്മതിച്ചിരിക്കുകയാണെന്നായിരുന്നു മേനക ഗാന്ധി ആരോപിച്ചത്. ഇതിനിടെയാണ് നവജാത ശിശുക്കളെ വില്‍പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡ് കേന്ദ്രത്തില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ മിഷണറീസ് ഓഫ് ചാരിറ്റിയെ അപകീര്‍ത്തിപ്പെടുത്താനും അതിലെ കന്യാസ്ത്രീകളെ ഇരകളാക്കാനും ബി.ജെ.പി. ശ്രമിക്കുന്നുവെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. രണ്ടു വര്‍ഷം മുമ്പു പ്രാബല്യത്തിലായ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രാജ്യത്തെ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളും റജിസ്‌ട്രേഷന്‍ ഉറപ്പാക്കിയിരിക്കണം.

കഴിഞ്ഞ വര്‍ഷം ഡിസംബറിനു ശേഷം 2300 ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നാലായിരത്തോളം കേന്ദ്രങ്ങള്‍ ഇതു പാലിച്ചിട്ടില്ല. ബന്ധിപ്പിച്ച കേന്ദ്രങ്ങളാകട്ടെ ദത്തെടുക്കലിന് അതോറിറ്റിയുമായി സഹകരിക്കാനും തയാറായിട്ടില്ല. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ കണക്കനുസരിച്ച് രാജ്യത്തെ റജിസ്‌ട്രേഷന്‍ ഉള്ളതും ഇല്ലാത്തതുമായ ഏജന്‍സികളില്‍ 2.3 ലക്ഷം കുട്ടികളാണുള്ളത്.