പറന്നുയര്‍ന്ന് ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനം താഴേക്ക് വീണു; എന്താണ് സംഭവിച്ചതെന്ന് അറിയാതെ യാത്രക്കാര്‍: വീഡിയോ

single-img
17 July 2018

വിമാനം പറന്നുയര്‍ന്ന് ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍. പെട്ടെന്ന് വിമാനം താഴേക്ക്. മരണം മുന്നില്‍ കണ്ട് യാത്രക്കാര്‍ നിലവിളിച്ചു. എന്താണം സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. ഒടുവില്‍ വിമാനം സുരക്ഷിതമായി തന്നെ നിലത്തിറക്കി.

ഡബ്ലിനില്‍ നിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ റിയാനേറിന്റെ FR 7312 വിമാനത്തിനാണ് പെട്ടെന്ന് അപകടമുണ്ടായത്. 37,000 അടി ഉയരത്തില്‍ പറന്ന വിമാനം 10,000 അടി താഴേക്ക് പതിച്ചു. വിമാനം താഴേക്ക് പതിച്ചപ്പോള്‍ വായു മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായി.

യാത്രക്കാരുടെ മൂക്കും ചെവിയും പൊട്ടി രക്തം വന്നു. അതോടെ വിമാനത്തിനകത്ത് കൂട്ടക്കരച്ചിലായി. ഉടന്‍ തന്നെ എല്ലാവരും ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിച്ചു. രക്തം വാര്‍ന്നൊലിക്കുന്നത് കണ്ട് മറ്റു ചിലര്‍ ബോധരഹിതരായി. വിമാനം താഴോട്ട് പതിച്ചപ്പോള്‍ എല്ലാവരും മരിക്കാന്‍ പോകുകയാണെന്ന് തന്നെയാണ് കരുതിയതെന്ന് യാത്രക്കാരിലൊരാള്‍ ട്വീറ്റ് ചെയ്തു.

വിമാനത്തിനകത്ത് നിന്നുള്ള യാത്രക്കാരുടെ ഭീതിയും ആശങ്കയും നിറഞ്ഞ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഒടുവില്‍ വിമാനം അടിയന്തരമായി ഫ്രാങ്കഫര്‍ട്ടില്‍ ഇറക്കി. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പൈലറ്റോ ജീവനക്കാരോ അറിയിച്ചില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.