മോദിയുടെയും അമിത് ഷായുടെയും കട്ടൗട്ടുകള്‍ കൃഷിയിടത്തിലെ നോക്കുകുത്തിയാക്കി കര്‍ഷകര്‍

single-img
17 July 2018

കര്‍ണാടക ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ മോഡിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകള്‍ നോക്കുകുത്തിയാക്കി. തെരഞ്ഞെടുപ്പ് കാംപെയിനുമായി ബന്ധപ്പെട്ട് ബിജെപി ചിക്ക്മംഗളൂര്‍ ജില്ലയില്‍ സ്ഥാപിച്ച മോദിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകളാണ് ഇവിടുത്തെ കര്‍ഷകര്‍ പാടത്ത് നോക്കുകുത്തിയായി നിര്‍ത്തിയിരിക്കുന്നത്.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിജയം നേടിയ ബിജെപി ശക്തമായ കാംപെയിനാണ് ഈ ജില്ലയില്‍ നടത്തിയിരുന്നത്. പ്രധാനമന്ത്രിയും അമിത്ഷായും നേരിട്ട് പ്രചാരണത്തിനെത്തുകയും ബൂത്ത് അടിസ്ഥാനത്തില്‍ പ്രദേശിക നേതാക്കള്‍ വോട്ട് പിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനോടൊപ്പം വന്‍തുക മുടക്കി കൂറ്റന്‍ കട്ടൗട്ടുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയും ചെയ്തിരുന്നു.

നേതാക്കന്‍മാര്‍ വോട്ട് ചോദിച്ച് വരുമ്പോള്‍ കട്ടൗട്ടെല്ലാമായി വരുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇത്തരത്തില്‍ ഞങ്ങള്‍ ഉപയോഗിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. കട്ടൗട്ടുകള്‍ മുമ്പും ഇത്തരത്തില്‍ സ്ഥാപിക്കാറുണ്ടെന്നും ആരും തങ്ങളെ വിലക്കിയിട്ടില്ലെന്നും പ്രദേശവാസിയായ രാജേഷ് മാടാപതി പറഞ്ഞു.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന യെദ്യൂരപ്പയുടെ കട്ടൗട്ടുകളും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, കട്ടൗട്ടുകള്‍ നോക്കുകുത്തികളാക്കി വെച്ചത് എവിടെയും കാണാന്‍ സാധിച്ചില്ലെന്നാണ് ഇക്കാര്യമന്വേഷിച്ച മാധ്യമങ്ങളോട് ലക്കാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി.