പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നുമുള്ള അവഗണന: മുതിര്‍ന്ന ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര ബി.ജെ.പി വിടുന്നു

single-img
17 July 2018

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും രണ്ട് തവണ രാജ്യസഭാ എം.പിയുമായിരുന്ന ചന്ദന്‍ മിത്ര ബി.ജെ.പി വിടാനൊരുങ്ങുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നുമുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ചന്ദന്‍ മിത്ര ബി.ജെ.പി വിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദ പയനീര്‍ ദിനപത്രത്തിന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ് ചന്ദന്‍ മിത്ര. അദ്ദേഹം രാജി സമര്‍പ്പിച്ചുവെന്നും എന്നാല്‍ ഇതുവരെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രാജി സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അദ്ദേഹമോ പാര്‍ട്ടിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

2003 മുതല്‍ 2009 വരെ ബി.ജെ.പിയുടെ രാജ്യസഭാ അംഗമായിരുന്നു ചന്ദന്‍ മിത്ര. 2010 ജൂണില്‍ മധ്യപ്രദേശില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ ഇദ്ദേഹം ലോക്‌സഭയില്‍ എത്തി. 2016 ലാണ് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്. എല്‍.കെ അദ്വാനിയുടെ അടുത്തയാളായിരുന്ന മിത്ര മോദി-അമിത് ഷാ കൂട്ടുകെട്ട് ശക്തമായതിന് പിന്നാലെ അദ്വാനിക്കൊപ്പം തന്നെ ഒതുക്കപ്പെട്ടു.

അടുത്തിടെ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. മെയില്‍ നടന്ന കൈരാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത പരാജയം പാര്‍ട്ടി അര്‍ഹിച്ചതാണെന്നും കര്‍ഷകര്‍ക്ക് വേണ്ടി പാര്‍ട്ടി ഇവിടെ ഒന്നും ചെയ്തില്ലെന്നും മിത്ര കുറ്റപ്പെടുത്തിയിരുന്നു.