അയനാപുരത്ത് പന്ത്രണ്ടുകാരിയെ 25പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം: 18 പേര്‍ അറസ്റ്റില്‍

single-img
17 July 2018

ചെന്നൈ അയനാപുരത്ത് പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ 18 പേര്‍ അറസ്റ്റില്‍. പോക്‌സോ നിയമം ചുമത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.

തുടര്‍ന്ന് ഫ്‌ലാറ്റ് സമുച്ചയത്തിലെ ജീവനക്കാര്‍ കഴിഞ്ഞ ജനുവരി മുതല്‍ മകളെ പീഡിപ്പിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ അയനാപുരം പൊലീസില്‍ പരാതി നല്‍കി. പിന്നീട് കുട്ടിയെ മഹിളാകോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റി ജീവനക്കാരും പ്ലമ്പിങ് തൊഴിലാളികളുമടക്കം 18പേരെ അറസ്റ്റ് ചെയ്തത്. ജനുവരി 15 ന് അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ രവി (65) പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ പരിചയക്കാരായ രണ്ട് പേരെ കൊണ്ടുവരുകയും കുട്ടിയെ ഒഴിഞ്ഞസ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാര്‍, ജലവിതരണം നടത്തുന്നവര്‍, ഹൗസ് കീപ്പിങ് ജീവനക്കാര്‍, പമ്പിങ് പണിക്കാര്‍ എന്നിവരും ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനും ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

സ്‌കൂള്‍ വിട്ടശേഷം എത്തുന്ന കുട്ടിയെ ഭീഷണിപ്പെടുത്തി അപ്പാര്‍ട്ട്‌മെന്റിലെ ഒഴിഞ്ഞ ഫ്‌ലാറ്റുകളിലും കോമണ്‍ ബാത്ത്‌റൂം, ബേസ്‌മെന്റ്, ജിം, ടെറസ് തുടങ്ങിയ ഇടങ്ങളില്‍വെച്ച് പീഡനത്തിനിരയാക്കി. ചില സാഹചര്യങ്ങളില്‍ വായില്‍ തുണിതിരുകിയും കണ്ണുകള്‍ കെട്ടിയും കഴുത്തുമുറുക്കിയുമെല്ലാം ക്രൂരകൃത്യം നടത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ 25 പേരെങ്കിലും പീഡിപ്പിച്ചതായാണ് പൊലീസ് ഭാഷ്യം. കുട്ടിയെ പീഡിപ്പിച്ച കൂടുതല്‍ പേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.