സ്വാമി അഗ്‌നിവേശിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു; റോഡിലിട്ട് മര്‍ദിച്ചു

single-img
17 July 2018

പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ജാര്‍ഖണ്ഡിലെ പകുറില്‍ വച്ചാണ് ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സ്വാമി അഗ്‌നിവേശിനെ കൈയേറ്റം ചെയ്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്വാമി അഗ്‌നിവേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പാകൂറിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ കരിങ്കൊടിയുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വാമി അഗ്‌നിവേശിനെ മര്‍ദിച്ച് റോഡില്‍ തള്ളിയിട്ടു.

വളഞ്ഞിട്ട് മര്‍ദ്ദിച്ച അക്രമികള്‍ 80 വയസ്സുള്ള അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്തു. തലപ്പാവ് വലിച്ചൂരി എറിഞ്ഞ ശേഷം വസ്ത്രം കീറുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചു കൊണ്ടായിരുന്നു അക്രമികള്‍ അദ്ദേഹത്തെ ഉപദ്രവിച്ചത്.

അഗ്‌നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്‌നിവേശിനെതിരായ ആക്രമണത്തെ അപലപിച്ച ബിജെപി വക്താവ് പി ഷാഡോ അക്രമികള്‍ ബിജെപിക്കാരല്ലെന്നും പറഞ്ഞു.

അദ്ദേഹത്തിനെതിരായ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍കാല പ്രവൃത്തികള്‍ പരിശോധിച്ചാല്‍ ആക്രമണം നടന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ബിജെപി വക്താവ് പറഞ്ഞു. നേരത്തെ ബിജെപിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ അഗ്‌നിവേശിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉത്തരവിട്ടിട്ടുണ്ട്.