ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 150 പൊലീസുകാരുടെ അകമ്പടിയോടെ താലപ്പൊലിയും ബാന്‍ഡ് മേളവുമായി വിവാഹം; രാജകൊട്ടാരത്തിലെ കല്യാണമല്ല; വരനും വധുവും ദളിതര്‍

single-img
16 July 2018

ഉന്നത സമുദായത്തില്‍പ്പെട്ടവരെ പോലെ വിവാഹം ആഘോഷപൂര്‍വ്വം നടത്താന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ദളിതരായ യുവതിയും യുവാവും തെളിയിച്ചു. ആറ് മാസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഉത്തര്‍പ്രദേശിലെ കാസന്‍ജി ജില്ലയില്‍ ദളിത് സമുദായത്തില്‍പ്പെട്ട യുവാവിനും യുവതിക്കും വിവാഹം രാജകീയമായി നടത്താന്‍ കോടതി അനുവാദം നല്‍കിയത്.

നിയമവിദ്യാര്‍ത്ഥിയായ സഞ്ജയ് ജാദവും ശീതളും തമ്മിലെ വിവാഹം നിശ്ചയിച്ചപ്പോള്‍ തന്നെ ബാന്‍ഡ് മേളവും താലപ്പൊലിയുമായി കുതിരകളുടെ അകമ്പടിയോടെ ഘോഷയാത്രയായി വിവാഹം നടത്തണമെന്ന് ഇരുവരും ആഗ്രഹിച്ചു. എന്നാല്‍ താക്കൂര്‍ സമുദായത്തില്‍പ്പെട്ടവര്‍ മാത്രമേ ഇത്തരത്തില്‍ വിവാഹത്തിന് ഘോഷയാത്ര നടത്താറുള്ളു.

താഴ്ന്ന കുലത്തില്‍പ്പെട്ടവരുടെ വിവാഹത്തിന് കുതിരകളും ബാന്‍ഡ് മേളവും അനുവദിക്കില്ലെന്ന് താക്കൂര്‍ വിഭാഗക്കാര്‍ വാശിപിടിച്ചതോടെ സഞ്ജയ് ജാദവ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പൊലീസ് മേധാവിക്കും പരാതിയും നല്‍കി.

തുടര്‍ന്ന് കോടതിയും ജില്ലാ ഭരണകൂടവും ഇടപെട്ടതോടെ താക്കൂര്‍ സമുദായക്കാര്‍ക്ക് പിന്മാറുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നായി. ഒടുവില്‍ കുതിരപ്പുറത്ത് വധൂവരന്മാരെ ഇരുത്തി ഘോഷയാത്രയോടെ രാജകീയമായി തന്നെ വിവാഹം നടന്നു. വധുവിനെ വരന്‍ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുന്നതുവരെയും 150 ലേറെ പൊലീസുകാരുടെ ശക്തമായ കാവല്‍ ഉണ്ടായിരുന്നു.