ഫൈനല്‍ വേദിയില്‍ കുട ചൂടി നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റിന് ട്രോള്‍ മഴ

single-img
16 July 2018

ഫ്രാന്‍സ് ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ വേദിയില്‍ മഴ തകര്‍ത്ത് പെയ്യുമ്പോള്‍ ഒരാള്‍ മാത്രം കുടക്കീഴില്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍. അവസാന നിമിഷം തകര്‍ത്ത് പെയ്ത മഴയില്‍ വിവിഐപികള്‍ക്കിടയില്‍ ഒറ്റയ്ക്ക് ഒരു കുടക്കീഴില്‍ നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റിനെ കളിയാക്കിയും വിമര്‍ശിച്ചുമാണ് നിരവധി കമന്റുകള്‍ വന്നിട്ടുള്ളത്.

ഫിഫാ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ക്രൊയേഷന്‍ പ്രസിഡന്റ് കോളിന്‍ഡാ ഗ്രാബര്‍ കിത്രോവിച്ച് തുടങ്ങിയ മറ്റ് വിവിഐപികള്‍ മഴയില്‍ കുളിച്ച് ആഹ്ലാദവും ആവേശവും പ്രകടിപ്പിക്കുമ്പോഴാണ് പുടിന്റെ ഈ പ്രകടനം.

പുടിന് കുട പിടിച്ചുകൊടുക്കുന്നത് അദ്ദേഹത്തിന്റെ സഹായിയാണ്. ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയരാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഫൈനല്‍ ആഘോഷങ്ങള്‍ക്ക് ശേഷം പുടിന്‍ പറഞ്ഞു. ലോകകപ്പ് ടൂര്‍ണമെന്റ് വിജയിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പുടിന്‍ റഷ്യയില്‍ കളി കാണാനെത്തിയ എല്ലാ വിദേശ ആരാധകര്‍ക്കും നന്ദിയും രേഖപ്പെടുത്തി.