വാഹനത്തിന്റെ അമിത വേഗം: നടപടിയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പൊലീസുകാര്‍ ടോസ് ഇട്ടു നോക്കി

single-img
16 July 2018

അമിതവേഗത്തില്‍ വാഹനമോടിച്ച യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണോ വെറുതെവിടണോ എന്ന് തീരുമാനിക്കാന്‍ ഒടുവില്‍ പോലീസുകാര്‍ക്ക് ടോസ് ഇട്ട് നോക്കേണ്ടി വന്നു. ജോര്‍ജ്ജിയയിലെ അറ്റ്‌ലാന്റയിലാണ് രണ്ട് വനിതാ പൊലീസുകാര്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നാണയത്തെ ആശ്രയിക്കേണ്ടി വന്നത്.

അറ്റ്‌ലാന്റയിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലിക്ക് പോകുന്ന സാറാ വെബ് എന്ന യുവതിക്കാണ് കൃത്യസമയത്ത് ജോലിക്കെത്താനായി അമിത വേഗത്തില്‍ വാഹനം ഓടിക്കേണ്ടി വന്നത്. 80 കിലോമീറ്റര്‍ സ്പീഡില്‍ പോയ യുവതി ട്രാഫിക് പൊലീസിലെ രണ്ട് വനിതാ ഓഫീസര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു.

സാറാ വെബിനെതിരെ കേസെടുക്കണോ വെറുതെ വിടണോ എന്ന് തീരുമാനിക്കാന്‍ പൊലീസുകാര്‍ തങ്ങളുടെ മൊബൈല്‍ ആപ്പിലൂടെ നാണയത്തിന്റെ ഹെഡ്ഡും ടെയിലും നോക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. ടോസ് പക്ഷേ യുവതിക്ക് അനുകൂലമായിരുന്നില്ല.

അതിനാല്‍ പൊലീസുകാര്‍ കേസ് രജിസ്റ്റര്‍ചെയ്തു. എന്നാല്‍ വീഡിയോ പുറത്തായതോടെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇത് വലിയ ചര്‍ച്ചാവിഷയമായി. എന്തായാലും വനിതാ പൊലീസുകാര്‍ ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലാണെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.