ശശി തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ച കരിഓയില്‍ ഒഴിച്ച് റീത്ത് വച്ചു

single-img
16 July 2018

തിരുവനന്തപുരം: ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂരിന്റെ ഓഫീസിന് നേരെ കരിഓയില്‍ ഒഴിച്ച് റീത്ത് വച്ച് പ്രതിഷേധിച്ചു. ശശി തരൂര്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന്റെ കവാടത്തില്‍ കരിഓയില്‍ ഒഴിക്കുകയും റീത്ത് വയ്ക്കുകയുമായിരുന്നു. ഓഫീസിനു മുന്നില്‍ ‘പാകിസ്ഥാന്‍ ഓഫീസ്’ എന്ന ഫ്‌ളക്‌സും സ്ഥാപിച്ചു. ഓഫീസിലുള്ളവര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസെത്തി യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി കരിഓയില്‍ നീക്കി പരിസരം വൃത്തിയാക്കി. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവിടെ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പരിപാടിയിലാണ് ശശി തരൂര്‍ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആകുമെന്നായിരുന്നു തരൂര്‍ പറഞ്ഞത്. അതേസമയം, തരൂരിന്റെ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് നേതാക്കളും മറ്റ് പാര്‍ട്ടി നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തെ മുസ്ലീംലീഗ് അനുകൂലിച്ചു. പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി വിശദമാക്കി. രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാണിച്ചു.