അഭിമന്യു വധം: വാര്‍ത്താ സമ്മേളനം നടത്തി പുറത്തിറങ്ങിയയുടന്‍ എസ്.ഡി.പി.ഐ പ്രസിഡന്റടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു

single-img
16 July 2018

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി അടക്കം ഏഴ് പേരെ കസ്റ്റഡിയില്‍ എടുത്തു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി പുറത്തിറങ്ങിയയുടന്‍ റോഡില്‍വച്ചു ഇവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിശദീകരണം നല്‍കാനാണ് എസ്ഡിപിഐ വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവര്‍ക്കു പുറമെ ഇവര്‍ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവര്‍മാരും അറസ്റ്റിലായി.

അഭിമന്യു വധ ഗൂഢാലോചന സംബന്ധിച്ച് ചോദ്യംചെയ്യുന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കസ്റ്റഡിയില്‍ എടുത്ത എല്ലാവരേയും ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കരുതല്‍ തടങ്കലാണ് ഇവരുടേതെന്ന് പൊലീസ് പറഞ്ഞു.