ജില്ലയിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി; ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷകള്‍ക്കു മാറ്റമില്ല; കണ്ണൂര്‍, കാലിക്കറ്റ്, എംജി മാറ്റി

single-img
16 July 2018

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗണവാടികളില്‍നിന്നു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിനു തടസ്സം ഉണ്ടാകാതിരിക്കാന്‍ ഐസിഡിഎസ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും. തീയതി പിന്നീട് അറിയിക്കും. അതേസമയം, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല ചൊവ്വാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 16, 17 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ ചൊവ്വാഴ്ച ബി.ഫാം പരീക്ഷകള്‍ മാത്രമാണു നടക്കുന്നത്. പരീക്ഷ ഉച്ചയ്ക്കു ശേഷം ആയതിനാല്‍ രാവിലത്തെ സ്ഥിതി ഗതികള്‍ നോക്കിയശേഷം പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നു പരീക്ഷാ കണ്‍ട്രോളറും ഡീനും അറിയിച്ചു.