കൊല്ലത്ത് കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്നു

single-img
16 July 2018

കൊല്ലം അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച ബംഗാള്‍ സ്വദേശി മണിക് റോയി(32) മരിച്ചു. ചികിത്സയിലായിരുന്ന ഇയാളുടെ നില കഴിഞ്ഞ ദിവസം മോശമാവുകയായിരുന്നു. ഞായറാഴ്ചയാണു മണിക് റോയി ജോലിസ്ഥലത്തു കുഴഞ്ഞുവീണത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്നാഴ്ച മുന്‍പ് ഇദ്ദേഹത്തിനു നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയിരുന്നു. അന്നത്തെ മര്‍ദ്ദനമാണു മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തു. തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

ഈ റിപ്പോര്‍ട്ടിലാണു തലയ്‌ക്കേറ്റ ക്ഷതത്തെത്തുടര്‍ന്നു വിദഗ്ധ ചികിത്സ ലഭിക്കാത്തതാണു മരണകാരണമായി പറഞ്ഞത്. സംഭവത്തില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റൊരാളെ പൊലീസ് തിരയുകയാണ്.

ഇയാള്‍ ഒളിവിലാണെന്നാണു സൂചന. അഞ്ചല്‍ പനയഞ്ചേരിയില്‍ വര്‍ഷങ്ങളായി കുടുംബത്തോടെ വാടകയ്ക്കു താമസിക്കുകയാണു മണിക്. ജൂണ്‍ 24നു വൈകിട്ട് ആറോടെയാണു മര്‍ദ്ദനമേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണു ആക്രമണം നടത്തിയതെന്നും പരാതിയിലുണ്ടായിരുന്നു.

വീട്ടിലേക്കു കോഴിയുമായി വരുന്നതിനിടെ അതു മോഷണമുതലാണെന്നു പറഞ്ഞു ഇവര്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. നല്‍കാതായതോടെ മുഖത്തും തലയിലും മര്‍ദിച്ചു. ചോരയൊലിപ്പിച്ചു കിടന്ന മണിക്കിനെ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക് പിന്നീട് ആശുപത്രി വിട്ടു ജോലിക്ക് പോയിരുന്നെങ്കിലും ആരോഗ്യം മോശമാവുകയായിരുന്നു.