തോരാതെ പെയ്യുന്ന മഴയില്‍ വെള്ളക്കെട്ടായി കേരളം; ഇതുവരെ 10 മരണം; മരം വീണും വെള്ളം കയറിയും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു; പലയിടത്തും ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം; ജനം ആശങ്കയില്‍

single-img
16 July 2018

സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 10ആയി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം, എറണാകുളം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലായാണ് 10പേര്‍ ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചിരുന്നു.

കോട്ടയം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൂഞ്ഞാര്‍, തീക്കോയി, തൊടുപുഴയ്ക്കു സമീപം പൂമാല, മൂലമറ്റത്തിനടുത്ത് ആശ്രമം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദസഞ്ചാരമേഖല ഒറ്റപ്പെട്ടു. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലേക്കു കോട്ടയത്തു നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങി. ആലപ്പുഴ ചങ്ങനാശേരി റൂട്ടില്‍ എസി റോഡിലൂടെയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

കുട്ടനാട് കൈനകരിയില്‍ രണ്ടിടങ്ങളില്‍ മടവീണ് 500 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി– ധനുഷ്‌കോടി ദേശീയപാതയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയിലും വെള്ളപ്പൊക്കം.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രത്തില്‍ വിഗ്രഹം മുങ്ങി ആറാട്ട് നടന്നു. മൂന്നു ദിവസമായി തുടരുന്ന മഴയില്‍ തെക്കന്‍ജില്ലകളിലും കനത്ത നാശനഷ്ടം. തീരദേശത്തെ വീടുകളും റോഡുകളും നശിച്ചു. കടലാക്രമണ ഭീഷണിയിലാണ് പ്രദേശവാസികള്‍. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. മലബാറില്‍ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്

നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ജനജീവിതം ദുഷ്‌കരമായി. ട്രാക്കില്‍ വെള്ളം കയറി ട്രയിന്‍ ഗതാഗതം താറുമാറായി. കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി.

അതേസമയം കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത. ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം. കനത്ത മഴയില്‍ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് എട്ടുകോടിയുടെ നഷ്ടമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. 2074 പേര്‍ ദുരിതാശ്വാസ ക്യാംപിലുണ്ടെന്നും നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അടിയന്തരമായി ചെയ്യേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ജില്ലകളിലേയും കളക്ടര്‍മാരുമായും സംസാരിച്ചിരുന്നു. കളക്ടര്‍മാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരത്തുക ഉടന്‍ അനുവദിക്കും. മഴ നാശം വിതച്ച ജില്ലകളില്‍ പത്തനംതിട്ട മാത്രമാണ് സാമ്പത്തിക സഹായം ആവശ്യമാണെന്ന് അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഇവിടേയ്ക്ക് ആവശ്യമുള്ള പണം സര്‍ക്കാര്‍ അനുവദിക്കും. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് അടിയന്തരമായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

മേയ് 29 മുതലുള്ള കണക്ക് പ്രകാരം 108 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിവിധ അപകടങ്ങളിലായി 86 പേര്‍ മരിച്ചു. 289 വീടുകള്‍ പൂര്‍ണമായും 7000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 48 ദുരിതാശ്വാസ ക്യാമ്ബുകളിലായി 2846 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും പകര്‍ച്ചവ്യാധിയുടെ ലക്ഷണം കണ്ടാല്‍ ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.