സംസ്ഥാനത്ത് മഴ താണ്ഡവമാടുന്നു; ആലപ്പുഴയിലും എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും സ്ഥിതി രൂക്ഷം; ബസ് സര്‍വീസുകളും നിറുത്തിവച്ചു; തീവണ്ടി ഗതാഗതം താറുമാറായി

single-img
16 July 2018

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. കൊച്ചി, ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ മഴ തുടരുന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഹെഡ്‌വര്‍ക്ക്‌സ്, മലങ്കര എന്നീ അണക്കെട്ടുകള്‍ തുറന്നുവിട്ടു.

തൊടുപുഴ, മീനച്ചിലാറുകള്‍ കരകവിഞ്ഞൊഴുകുകയാണ്. പാലാ ഈരാറ്റുപേട്ട, പാലാ രാമപുരം പാലാ പൊന്‍കുന്നം റൂട്ടികളിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ ബസ് സര്‍വീസുകളും നിറുത്തി വച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ അരയൊപ്പം വെള്ളമായി.

മൂന്നാര്‍ അടക്കമുള്ള ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലടക്കം മണ്ണും പാറയും ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടതിനാല്‍ ഹൈറേഞ്ചിലേക്ക് എത്തിപ്പെടാനാകാത്ത സ്ഥിതിയാണ്. കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി.

കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരംകൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല.

ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി തീവണ്ടികള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഒന്നുമുതല്‍ നാല് മണിക്കൂര്‍ വരെ വൈകിയാണ് തീവണ്ടികള്‍ ഓടുന്നത്. കോട്ടയംചേര്‍ത്തല റൂട്ടില്‍ മരംകടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചക്രം പടിക്ക് സമീപമാണ് മരം വീണത്.

മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റില്‍ വ്യാപക നാശമുണ്ടായി. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിലും അടുത്ത 24 മണിക്കൂര്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മിക്കയിടത്തും വൈദ്യുതി ഇല്ലാതായിട്ട് ദിവസങ്ങള്‍ പിന്നിട്ടു.