സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം; ട്രെയിനുകള്‍ വൈകുന്നു; 70 കി.മീ വേഗത്തില്‍ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

single-img
16 July 2018

തിരുവനന്തപുരം: ഒഡിഷാതീരത്ത് ന്യൂനമര്‍ദം കനത്തതിനെത്തുടര്‍ന്ന് കേരളത്തില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോരമേഖല ഉള്‍പ്പെടെ മണിക്കൂറില്‍ 70 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. 19 വരെ കനത്ത മഴ തുടരാനും സാധ്യതയുണ്ട്.

ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോരത്തെ യാത്ര നിയന്ത്രിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് മാറിത്താമസിക്കണം.

മഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ആലപ്പുഴ, എറണാകുളം, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളില്‍ വ്യാപകമായ കൃഷിനാശവും വെള്ളക്കെട്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ ഷട്ടറുകള്‍ തുടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നദികളുടെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. എറണാകുളത്തെ ചെല്ലാനത്തും തിരവനന്തപുരത്തെ അഞ്ചുതെങ്ങിലും കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. പമ്പാനദി കരകവിഞ്ഞൊഴുകയാണ്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കരയില്‍ വെള്ളം കയറി. അരയാണലിമണ്‍ ക്രോസ്‌വേ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.

ആലപ്പുഴ തുറവൂര്‍ തീരദേശ റെയില്‍ പാതയില്‍ ചന്തിരൂരില്‍ പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനാല്‍ ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. കനത്ത മഴയില്‍ എറണാകുളം ജില്ല മുഴുവന്‍ വെള്ളക്കെട്ടിലായി.