ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

single-img
16 July 2018

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മുഴുവന്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്‌സറി ക്ലാസുകള്‍, അംഗന്‍വാടികള്‍, സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയില്ല.

ആലപ്പുഴയിലെ നാല് താലൂക്കുകളിലെ പ്രൊഫഷണ്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച അവധി നല്‍കിയിരിക്കുന്നത്. കാര്‍ത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ താലൂക്കുകളിലാണ് അവധി. ചെങ്ങന്നൂരില്‍ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.
അതേസമയം മഹാത്മാഗാന്ധി, കണ്ണൂര്‍, സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ജൂലൈ 16,17 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ ചൊവ്വാഴ്ച ബി.ഫാം പരീക്ഷകള്‍ മാത്രമാണു നടക്കുന്നത്. അതും ഉച്ചയ്ക്കു ശേഷം. ആയതിനാല്‍ രാവിലത്തെ സ്ഥിതി ഗതികള്‍ നോക്കിയശേഷം പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നു പരീക്ഷാ കണ്‍ട്രോളറും ഡീനും അറിയിച്ചു.