Latest News

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

അഭിമന്യു വധവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ ആറ് നേതാക്കളെയാണ് വാര്‍ത്താ സമ്മേളനത്തിനു ശേഷം റോഡില്‍വച്ചു പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിശദീകരണം നല്‍കാനാണ് എസ്ഡിപിഐ വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവരേയാണ് കസ്റ്റഡിയിലെടുത്തത്.

കരുതല്‍ തടങ്കല്‍ എന്ന നിലയിലും ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ തന്നെ ഇവര്‍ വന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാര്‍ത്താ സമ്മേളനത്തിന് ശേഷം ശേഷം പുറത്തിറങ്ങിയ നേതാക്കളെ ഇതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ഇവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. മറ്റ് കേസുകളില്‍ പ്രതിയായ ആളുകളെയാണ് അഭിമന്യു വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുക്കുക്കുന്നത്, കേസന്വേഷണം ശരിയായ വിധത്തിലല്ല നടക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അഭിമന്യു വധത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു; ഡബ്ല്യുപിഐ 5.77 ശതമാനത്തില്‍: പെട്രോള്‍ ഡീസല്‍ വിലയും സര്‍വകാല റെക്കോഡിലേക്ക് എത്തിയേക്കും: മോദി സര്‍ക്കാരെ ഇതാണോ നിങ്ങള്‍ പറഞ്ഞ അച്ചാ ദിന്‍

രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വില സര്‍വകാല റെക്കോഡിലേക്ക് എത്താന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ഉയര്‍ന്നതും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നതുമാണ് വില വര്‍ദ്ധനയ്ക്ക് കാരണമാകുക എന്നാണ് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 76.61 രൂപയാണ് നിരക്ക്. ഡീസലിന് 68.61 രൂപയുമാണ്. ഇറാന് മേലുള്ള അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിപണികളിലുണ്ടായ അനിശ്ചിതത്വമാണ് അസംസ്‌കൃത എണ്ണ വില ഉയരുന്നതിന് ഇടയാക്കിയത്.

ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് 75 ഡോളറാണ് വില. എന്നാലിത് ബാരലിന് 100 ഡോളര്‍ വരെ ആകാനുള്ള സാദ്ധ്യതയാണ് ഇപ്പോഴുള്ളത്. അതിനാല്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് നൂറ് രൂപയില്‍ എത്തിയേക്കുമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.

അതിനിടെ രാജ്യത്ത് വിലക്കയറ്റം കുതിക്കുച്ചുയരുകയാണ്. മൊത്തവിലസൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള പണപ്പെരുപ്പം 15 മാസത്തെ ഉയരത്തിലെത്തി. ജൂണ്‍ മാസത്തില്‍ 5.77 ശതമാനമാണ് വിലക്കയറ്റം കൂടിയത്. മേയിലെ 4.43 ശതമാനത്തെ അപേക്ഷിച്ചു ഗണ്യമായ കുതിപ്പാണിത്.

ഇത് ഇന്ധന, ഭക്ഷ്യ വില വര്‍ധനവിലേക്ക് നയിക്കും. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 1.60 ശതമാനത്തില്‍ നിന്ന് 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51ല്‍ നിന്ന് 8.12 ശതമാനമായി. ഇന്ധനം ഊര്‍ജം വിഭാഗത്തിലെ കയറ്റം 11.22ശതമാനത്തില്‍ നിന്ന് 16.18 ശതമാനത്തിലേക്ക് കുതിച്ചു. ഉരുളക്കിഴങ്ങിന് 99.02 ശതമാനമാണു വിലക്കയറ്റം. ഉള്ളിക്ക് 13.20ല്‍ നിന്ന് വില 18.25 ശതമാനത്തിലെത്തി. എന്നാല്‍ പയര്‍വര്‍ഗങ്ങള്‍ക്കു ഈ മാസവും വില കുറഞ്ഞു.

 

കൊല്ലത്ത് കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്നു

കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് കൊന്നു. ബംഗാള്‍ സ്വദേശി മാണിക് റോയി(32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തലയ്‌ക്കേറ്റ അടിയാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

പനയഞ്ചേരിയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന മാണിക് റോയിയെ കുറച്ചു ദിവസം മുമ്പ് സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചിരുന്നു. ജോലി കഴിഞ്ഞ് സമീപത്തെ വീട്ടില്‍ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മാണികിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കോഴികളെ മോഷ്ടിച്ചതാണെന്നാരോപിച്ചാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്.

പിന്നീട് രക്തംവാര്‍ന്ന് അവശനായ റോയിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാണിക് കഴിഞ്ഞദിവസം കുഴഞ്ഞുവീണതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. ഇന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. മരണം സംഭവിച്ചത് മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പത്തോളം വരുന്ന സംഘമാണ് മാണികിനെ മര്‍ദിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.