കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; പ്രതി പിടിയില്‍

single-img
15 July 2018

ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ്‌കുമാര്‍ (40) പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ ഞായറാഴ്ച തിരൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൈതപ്പൊയിലില്‍ ധനകാര്യ സ്ഥാപന ഉടമ പി.ടി. കുരുവിളയെ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയാണ് സുമേഷ്‌കുമാര്‍ പെട്രോളൊഴിച്ച് കത്തിച്ചത്.

മലബാര്‍ ഫൈനാന്‍സിയേഴ്‌സില്‍ എത്തിയ സുമേഷ് കുരുവിളയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരുവിള ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴ സ്വദേശി സുമേഷാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച സുമേഷ്, കുരുവിളയുടെ സ്ഥാപനത്തില്‍ സ്വര്‍ണം ഈടുനല്‍കി പണം വാങ്ങാനെത്തിയിരുന്നു. എന്നാല്‍ ഈടുവയ്ക്കാന്‍ സ്വര്‍ണം തികയാത്തതിനാല്‍ പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ സംശയം തോന്നിയ കുരുവിള അപ്പോള്‍തന്നെ സുമേഷിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഈങ്ങാപ്പുഴയിലെ സഹോദരന്റെ സ്ഥാപനത്തിലുള്ളവര്‍ക്ക് അയച്ചുകൊടുത്തിരുന്നു.

അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും എത്തിയ സുമേഷ്, സ്വര്‍ണവുമായി ഭാര്യ പുറകെ വരുന്നുണ്ടെന്നും രണ്ടു ലക്ഷം രൂപ വേണമെന്നും പറഞ്ഞു. പന്ത്രണ്ടരയോടെ സ്ഥാപനത്തിലെത്തിയ ഇയാള്‍ ഭാര്യയെ കാത്തു നില്‍ക്കുകയാണെന്ന വ്യാജേന അവിടെ തങ്ങിയ ശേഷം അങ്ങാടിയില്‍ ആളൊഴിഞ്ഞ സമയത്ത് കൃത്യം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.