Movies

കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തിയതിന് നടന്‍ വിശാല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് ഞെട്ടിച്ച ശ്രീറെഡ്ഡി ഇപ്പോള്‍ തമിഴ് സിനിമയെയും വിവാദത്തിലാക്കിയിരിക്കുകയാണ്. നടന്‍ ശ്രീകാന്ത്, സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, രാഘവ ലോറന്‍സ് എന്നിവര്‍ക്കെതിരെ ശ്രീ റെഡ്ഡി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന്‍ വിശാലില്‍ നിന്ന് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും തമിഴ്‌സിനിമയിലെ ഇരുണ്ട വശങ്ങള്‍ തനിക്ക് ഇനിയും വെളിപ്പെടുത്താനുണ്ടെന്നും ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നാനിക്കെതിരേ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നപ്പോള്‍ നാനിയെ പിന്തുണച്ച് വിശാല്‍ രംഗത്ത് വന്നിരുന്നു.

ശ്രീ റെഡ്ഡി പറയുന്ന കാര്യങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് വിശാല്‍ പറഞ്ഞിരുന്നു. തമിഴ് ലീക്‌സ് എന്ന ഹാഷ് ടാഗോടെയാണ് ശ്രീ റെഡ്ഡി തമിഴിലെ പ്രമുഖര്‍ക്കെതിരെയുള്ള തെളിവുകള്‍ നിരത്തുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മുരുഗദോസ് തന്നെ പീഡിപ്പിച്ചുവെന്ന് ശ്രീ റെഡ്ഡി പറഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയില്‍ ഹൈദരാബാദിലുള്ള ഒരു ഹോട്ടലില്‍ വച്ച് ശ്രീകാന്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ശ്രീ റെഡ്ഡി കഴിഞ്ഞ ദിവസം കുറിച്ചത്. ടോളിവുഡ് സിനിമാ പ്രവര്‍ത്തകരുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് ശ്രീ റെഡ്ഡി ആദ്യം രംഗത്തെത്തിയത്. തുടര്‍ന്നാണ് കോളിവുഡിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നത്.