സംഗീത പരിപാടിക്കിടെ ഗായകനെ വേദിയില്‍ കയറി കെട്ടിപ്പിടിച്ചു; സൗദി വനിത അറസ്റ്റില്‍; പൊതുശിക്ഷയ്ക്ക് വിധേയമാക്കും

single-img
15 July 2018

സംഗീത പരിപാടിയ്ക്കിടെ ഗായകനെ വേദിയില്‍ കയറി കെട്ടിപ്പിടിച്ച സൗദി യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച തയിഫില്‍ ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസ് നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംഭവം. അറസ്റ്റു ചെയ്ത യുവതിയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

സംഗീത പരിപാടി നടക്കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറിയ യുവതി മൊഹന്‍ദിസിനെ കെട്ടിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. യുവതിയുടെ അപ്രതീക്ഷിതമായ സമീപനത്തിനു ശേഷവും മൊഹന്‍ദിസ് തന്റെ സംഗീത പരിപാടി തുടര്‍ന്നു.

ബന്ധത്തില്‍പെട്ടവരല്ലാത്ത പുരുഷന്‍മാരുമായി പൊതു ഇടത്തില്‍ ഇടപഴകുന്നത് സൗദിയില്‍ അനുവദനീയമല്ല. അടുത്തകാലത്തായി സ്ത്രീകള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തുകയാണ് സൗദി. പൊതു സ്ഥങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലുകളിലൂടെ ഫുട്‌ബോള്‍ കാണാന്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദം കിട്ടിയത് അടുത്തിടെയാണ്. സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശവും കഴിഞ്ഞമാസമാണ് അനുവദിച്ചു കിട്ടുന്നത്.