ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രസര്‍ക്കാരിന്റെ ആശയത്തെ പിന്തുണച്ച് രജനീകാന്ത്

single-img
15 July 2018

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ‘ഒരു ഇന്ത്യ, ഒറ്റ തെരഞ്ഞെടുപ്പ്’ ആശയത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത്. ഒറ്റ തെരഞ്ഞെടുപ്പ് എന്നതു നല്ല ആശയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പണവും സമയവും ലാഭിക്കുന്ന നടപടിയാകും ഇതെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം കേന്ദ്രനിര്‍ദേശത്തെ എതിര്‍ത്തതിന് പിന്നാലെയാണ് രജനീകാന്ത് വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ രൂപവത്കരിക്കുന്ന പാര്‍ട്ടി അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പാര്‍ട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നു. പുതിയ ചെന്നൈ- സേലം എട്ടുവരി പാതയുടെ നിര്‍മാണത്തിനും രജനീകാന്ത് പൂര്‍ണപിന്തുണ അറിയിച്ചു. ഇത്തരം പാതകള്‍ കൂടുതല്‍ വ്യവസായിക നിക്ഷേപങ്ങള്‍ കൊണ്ടുവരും.

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.എ. സെങ്കോട്ടയ്യന്റെ പ്രവര്‍ത്തനങ്ങളെയും രജനീകാന്ത് അഭിനന്ദിച്ചു. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം ഏറെ നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ധാരാളം അഴിമതി നടക്കുന്ന സ്ഥലമാണ് തമിഴ്‌നാടെന്ന ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടാണെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. അമിത്ഷാ പറഞ്ഞതിനെക്കുറിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു.