വീട്ടില്‍ പട്ടിണിയും കഷ്ടപ്പാടും, ധരിക്കാന്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ പോലും ഇല്ല; എന്നിട്ടും അവന്‍ കളഞ്ഞുകിട്ടിയ 50,000 രൂപ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു: ആ ഏഴുവയസുകാരനെ തേടി സാക്ഷാല്‍ രജനീകാന്ത് വരെ എത്തി

single-img
15 July 2018

ഈറോഡ് സ്വദേശിയായ മുഹമ്മദ് യാസിന്‍ എന്ന ഏഴുവയസുകാരനെ നേരിട്ടുകാണാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നേരിട്ടെത്തി. വെറുതെയല്ല, യാസിന്റെ സത്യസന്ധതയെ അഭിനന്ദിക്കാനാണ് രജനി എത്തിയത്. കഴിഞ്ഞദിവസം, 50,000 രൂപ അടങ്ങിയ ഒരു ബാഗ് യാസിന് കളഞ്ഞുകിട്ടിയിരുന്നു.

തന്റെ പണമല്ല, അത് തനിക്കുള്ളതല്ല എന്നറിയാവുന്ന യാസിന്‍ സ്‌കൂള്‍ അധികൃതര്‍ വഴി ആ ബാഗ് പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഈ സത്യസന്ധതയെ നേരിട്ട് അംഗീകരിക്കാനാണ് രജനി വന്നത്. അഭിനന്ദനം കൊണ്ട് മൂടിയ രജനി അവനെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു.

ഇവന്‍ എനിക്ക് ഇനി മകനെ പോലെയാണ്. ഇവനെ ഞാന്‍ പഠിപ്പിക്കും. ഇവന്റെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണചെലവും ഞാന്‍ വഹിക്കും. എന്തു പഠിക്കണമെന്ന് അവന്‍ തീരുമാനിക്കട്ടെ. ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നു വരുന്ന യാസിന്‍, കളഞ്ഞുകിട്ടിയ പണം തന്റേതല്ലെന്നു മനസിലാക്കി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത് തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും അത് ആ കുട്ടിയുടെ സത്യസന്ധതയാണെന്നും രജനികാന്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നസേമൂര്‍ പഞ്ചായത്തിലെ യൂണിയന്‍ മിഡില്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാസിന്‍ എന്ന ഏഴുവയസുകാരന് പണമടങ്ങുന്ന ബാഗ് ലഭിച്ചത്. ഉടന്‍ തന്നെ യാസിന്‍ ഈ വിവരം ക്ലാസ് ടീച്ചറായ വി. ജയന്തി ബായ്‌യെ അറിയിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇവര്‍ പ്രധാനാധ്യാപിക വഴി പൊലീസ് സ്‌റ്റേഷനില്‍ എത്തി ബാഗ് ഏല്‍പ്പിച്ചു. ധരിക്കാന്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ പോലും ഇല്ലാത്ത ആ ബാലന്റെ സത്യസന്ധത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അവന്‍ ലോകത്തിന് മാതൃകയായി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞ കയ്യടിയാണ് യാസിന്.