പോലീസ് സ്‌റ്റേഷനില്‍ പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു; വിവരം അന്വേഷിക്കാനെത്തിയ സഹോദരന്മാരെ പോലീസ് മറ്റൊരു മുറിയില്‍ പൂട്ടിയിട്ടു

single-img
15 July 2018

ന്യൂഡല്‍ഹിയിലെ തിലക് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് സംഭവം. അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയ തന്റെ മകളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ അതേസമയത്താണു പെണ്‍കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് തട്ടിക്കൊണ്ടുപോയിരുന്നെന്നു കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്ക് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ യുവാവിന്റെ കുടുംബം തന്നെ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ താന്‍ വിവാഹത്തിനു വിസമ്മതിക്കുകയായിരുന്നെന്നും അമ്മ പറഞ്ഞു.

പോലീസ് അറിയിച്ചതനുസരിച്ചു അമ്മ സ്റ്റേഷനിലെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ മൂന്നു സഹോദരങ്ങളെ സ്റ്റേഷനിലെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. അയല്‍വാസിയായ ഹാപ്പി സിംഗ് സഹോദരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങളെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുകയായിരുന്നെന്നും തങ്ങള്‍ എത്തുമ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്ന സഹോദരിയോടു സംസാരിക്കാന്‍ പോലീസ് സമ്മതിച്ചില്ലെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍മാര്‍ ആരോപിക്കുന്നു. തങ്ങളെ പോലീസ് മുറിയില്‍ പൂട്ടിയിട്ടതായും ഇവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ പോലീസ് വിശദീകരണം അറിവായിട്ടില്ല.