ഇന്ധന വില വര്‍ധനയ്‌ക്കെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു: അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂടി

single-img
15 July 2018

കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രി ജാക്ക് ഗൈ ലാഫോന്റോന്‍ രാജി പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ലാഫോന്റോന്റെ രാജി പ്രസിഡന്റ് ജോവെനെല്‍ മോയിസ് അംഗീകരിച്ചു.

ഇന്ധനവില സബ്‌സിഡി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രക്ഷോഭത്തിന് കാരണമായത്. സബ്‌സിഡി നീക്കുന്നതോടെ പെട്രോളിന് 38 ശതമാനവും ഡീസലിന് 47 ശതമാനവും മണ്ണെണ്ണയ്ക്ക് 51 ശതമാനവും വില വര്‍ധിക്കും. ഇത് സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു.

ദിവസങ്ങളായി നടന്ന പ്രക്ഷോഭത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി കടകള്‍ കൊള്ളയിടുകയും അഗ്‌നിക്ക് ഇരയാക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

അതേസമയം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വിലകൂടി. സംസ്ഥാനത്ത് പെട്രോളിനു 20 പൈസയും ഡീസലിനു 19 പൈസയുമാണു ഇന്നലെ കൂടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 74.5 ഡോളറായി താഴ്ന്നിരുന്നു.

ഒരു ഘട്ടത്തില്‍ 80 ഡോളര്‍വരെ എത്തിയിട്ടാണു നിലവിലെ വിലയിലേക്ക് ഇടിഞ്ഞത്. അമേരിക്കയില്‍ അസംസ്‌കൃത എണ്ണവിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ബാരലിന് 70 ഡോളറിനാണ് അസംസ്‌കൃത എണ്ണ വില്‍പന നടക്കുന്നത്. സംസ്ഥാനത്തു തുടര്‍ച്ചയായ ഒമ്പതാം ദിവസവമാണ് എണ്ണവില ഉയര്‍ന്നത്.

ഇക്കാലയളവില്‍ പെട്രോളിന് 1.46 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിനു വീണ്ടും 80 രൂപ കടന്നു. ഇന്നലെ 80.07 രൂപയായി. ഡീസലിന് 73.43 രൂപയാണു വില. കൊച്ചിയില്‍ പെട്രോളിന് 78.83 രൂപയും ഡീസലിന് 72.27 രൂപയുമാണ്.

അസംസ്‌കൃത എണ്ണവില ഇടിഞ്ഞെങ്കിലും ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെമൂല്യം കുറഞ്ഞത് ഇറക്കുമതിച്ചെലവ് കൂട്ടുകയാണെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഒപെക്ക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കൂട്ടിയതാണു അസംസ്‌കൃത എണ്ണ വില ഇടിയാന്‍ കാരണം.