കോണ്‍ഗ്രസ് മുസ്ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയാണോ എന്ന് മോദി; മനുഷ്യരുടെ പാര്‍ട്ടിയെന്നു തിരിച്ചടിച്ച് കോണ്‍ഗ്രസ്

single-img
15 July 2018

കോണ്‍ഗ്രസ് മുസ്ലിം പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ചൂണ്ടിക്കാട്ടിയാണ് മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നിലകൊള്ളുന്നത് മുസ്ലിങ്ങള്‍ക്കുവേണ്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു. അതില്‍ എനിക്ക് അത്ഭുതമില്ല. ഒരു കാര്യമാണ് അറിയാനുള്ളത്, കോണ്‍ഗ്രസ് മുസ്ലിം പുരുഷന്‍മാര്‍ക്കൊപ്പം മാത്രമാണോ? അതോ മുസ്ലിം സ്ത്രീകള്‍ക്കുകൂടി ഒപ്പമോ? മോദി ചോദിച്ചു.

മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ആ പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം വെളിവാക്കിയിരിക്കുകയാണ്. ഒരു ഭാഗത്ത് സര്‍ക്കാര്‍ സ്ത്രീകളുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് കോണ്‍ഗ്രസ് സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കാനാണ് ശ്രമിക്കുന്നത്. കോടിക്കണക്കിന് മുസ്ലിം സ്ത്രീകളുടെ ആവശ്യമാണ് മുത്തലാഖ് നിരോധിക്കണം എന്നത്. പല മുസ്ലിം രാജ്യങ്ങളിലും മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ കോണ്‍ഗ്രസ് മുസ്‌ലിങ്ങളുടേതാണെന്നു പറഞ്ഞ പത്രവാര്‍ത്ത കെട്ടിച്ചമച്ചതാണെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണു ബിജെപി ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി വക്താവ് പ്രമോദ് തിവാരി പറഞ്ഞു. ഈ രീതി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ ഇന്നും പിന്തുടരുന്നതാണ്.

എല്ലാ മതങ്ങളെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. വിഭജിച്ചുള്ള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു വിശ്വാസവുമില്ലെന്നും തിവാരി പറഞ്ഞു. മുത്തലാഖിനെപ്പറ്റി യാതൊന്നും അറിയാതെയാണു മോദി സംസാരിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുന്നതാണു നല്ലത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ പാര്‍ട്ടി എന്ന ഒന്നില്ല. മനുഷ്യരാണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളത്. അതിനു ബിജെപിക്ക് എന്താണു മനുഷ്യത്വമെന്നറിയാമോ? മനുഷ്യരല്ലാത്തവര്‍ക്കൊപ്പമാണ് ബിജെപി ഏറെ സമയവും ചെലവഴിക്കുന്നതെന്നും ഖുര്‍ഷിദ് വിമര്‍ശിച്ചു.