സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു; ചെല്ലാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം

single-img
15 July 2018

കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പലയിടങ്ങളിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ചിലയിടങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. ഇത് മൂലം സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

എല്ലാ പ്രദേശങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ജീവനക്കാരും കരാര്‍ തൊഴിലാളികളും പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കോഴിക്കോട് പുതിയങ്ങാടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം പൊട്ടി വീണു. ഒരു യാത്രക്കാരിക്ക് നിസ്സാര പരിക്കുണ്ട്. മരം മുറിച്ചു മാറ്റുന്നതിനിടെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരച്ചില്ലകള്‍ വീണ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മരം നടുഭാഗം പൊട്ടിവീണതിനാലാണ് വലിയ അപകടം ഒഴിവായത്. മൂന്ന് കാറുകളും ഒരു സ്‌കൂട്ടറുമാണ് മരത്തിനുള്ളില്‍ പെട്ടത്. ദേശീയപാതയിലാണ് അപകടം. മരം മുറിച്ചുമാറ്റുന്നതിനിടെയാണ് ഒരാള്‍ക്ക് പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം ചെല്ലാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം. 50 ഓളം വീടുകളില്‍ വെള്ളം കയറി. ഉച്ചയോടെയാണ് കടല്‍ക്ഷോഭമുണ്ടായത്. ചെല്ലാനം ബസാര്‍ മേഖലയിലെ വീടുകളിലാണ് വെള്ളം കയറിയത്. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന്റെ പേരില്‍ ഇവിടുത്തെ ജനങ്ങള്‍ പലപ്പോഴായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. വനത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഒന്‍പത് ഇഞ്ച് തുറന്നു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാന്‍ തോട്ടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. തോടിന്റെ ഇരുവശവും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.