ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം മദീനയിലെത്തി; കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

single-img
15 July 2018

ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം മദീനയിലെത്തി. 410 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നും സൗദി എയര്‍ലൈന്‍സിലാണ് തീര്‍ഥാടകരെത്തിയത്. മദീന വിമാനത്താവളത്തില്‍ ഇവരെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ശാഹിദ് ആലം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

മദീന വിമാനത്താവള ഉദ്യോഗസ്ഥരും തീര്‍ഥാടകരെ സ്വീകരിക്കാനെത്തി. മെഡിക്കല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഹാജിമാര്‍ താമസ സ്ഥലത്തേക്ക് തിരിച്ചു. മികച്ച സൗകര്യത്തോടെയുള്ള വിവിധ ബസ് സര്‍വീസുകള്‍ തീര്‍ഥാടകരുടെ സേവനത്തിനായുണ്ട്.

ഇത്തവണ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ് പേരാണ് ഹജ്ജിനെത്തുക. 443 വിമാനങ്ങളിലാണ് ഇവര്‍ ജിദ്ദ മദീന വിമാനത്താവളങ്ങളില്‍ ഇറങ്ങുക. കേരളത്തില്‍ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കാണ്.

അതേസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തണമെന്ന് ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ഹജ്ജ് കമ്മിറ്റി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയിലാണ് ക്യാമ്പ്. ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചയാണ് ആദ്യവിമാനം.

തീര്‍ഥാടകര്‍ക്കുള്ള മറ്റ് നിര്‍ദേശങ്ങള്‍:

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടെര്‍മിനലിലാണ് ഹാജിമാര്‍ എത്തേണ്ടത്.

ഇവിടെ രണ്ട് ലേഗജുകളും കൈമാറി ടോക്കണ്‍ കൈപ്പറ്റിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തില്‍ ക്യാമ്പിലെത്തിക്കും.

കാലതാമസം ഒഴിവാക്കാന്‍ വിമാനത്താവളത്തിലെത്തുമ്പോള്‍തന്നെ പാസ്‌പോര്‍ട്ട് ഇമിഗ്രേഷന് കൈമാറി പരിശോധന പൂര്‍ത്തിയാക്കി നേരത്തേതന്നെ തീര്‍ഥാടകര്‍ക്ക് തിരിച്ചുനല്‍കും.

യാത്രയാക്കാനെത്തുന്നവര്‍ ഹാജിമാരെ ടെര്‍മിനലില്‍ ഇറക്കിയ ശേഷം മടങ്ങിപ്പോകണം. താമസിക്കേണ്ടവരുണ്ടെങ്കില്‍ സ്വന്തം നിലയില്‍ സൗകര്യം കണ്ടെത്തണം. കൂടെ വരുന്നവരെ ക്യാമ്പില്‍ പ്രവേശിപ്പിക്കില്ല.

ക്യാമ്പില്‍ രണ്ട് നിലകളിലായി 850 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഒരേസമയം ആയിരം പേര്‍ക്ക് നമസ്‌കരിക്കാനും ഇഹ്‌റാം കെട്ടാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തീര്‍ഥാടകരെ സഹായിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 200 ഓളം വളന്റിയര്‍മാരാണ് ഇക്കുറിയുള്ളത്.

വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് എത്താന്‍ കെ.എസ്.ആര്‍.ടി.സിയുടെ ലോഫ്‌ലോര്‍ ബസുകള്‍ സര്‍വിസ് നടത്തും. എല്ലാ ട്രെയിനുകള്‍ക്കും ആലുവയില്‍ സ്റ്റോപ്പും അനുവദിക്കും.

ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ മൊത്തം 29 സര്‍വിസുകളാണ് ഇക്കുറിയുണ്ടാകുക. സൗദി എയര്‍ലൈന്‍സിന്റെ 410 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഉപേയാഗിക്കുക. നാല് വിമാനങ്ങളുള്ള ദിവസം തിരക്ക് ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും.

സെപ്റ്റംബര്‍ 12 മുതല്‍ 25 വരെയുള്ള തീയതികളിലാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഇക്കുറി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരായിരിക്കും ഡെസ്‌കില്‍ പ്രവര്‍ത്തിക്കുക. രോഗികളായതും മറ്റുമുള്ള തീര്‍ഥാടകരുടെ വിവരങ്ങള്‍ സൗദിയിലെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഹെല്‍പ് ഡെസ്‌കിന് കൈമാറും.

സൗദിയില്‍ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്യാന്‍ പ്രത്യേക കമ്മിറ്റികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിനയില്‍ വഴിതെറ്റുന്നവരെ കണ്ടെത്താനും ക്യാമ്പിലെത്തിക്കാനും വളന്റിയര്‍മാരെ ഉപേയാഗപ്പെടുത്തും.