ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 86 റണ്‍സിന്റെ തോല്‍വി

single-img
15 July 2018

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 86 റൺസ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുക്കാനേ സാധിച്ചുള്ളു. ക്യാപ്റ്റൻ വിരാട് കോഹ്‍ലി (56 പന്തിൽ 45), സുരേഷ് റെയ്ന (63 പന്തിൽ 46) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നടുവൊടിച്ചത്. നാലു വിക്കറ്റുകളാണ് പ്ലങ്കറ്റ് നേടിയത്. ആദില്‍ റാഷിദും ഡേവിഡ് വില്ലെയും രണ്ട് വീതവും മൊയീന്‍ അലി, മാര്‍ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ജോറൂട്ടിന്റെ സെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തിയത്.116 പന്തുകളിൽ 113 റണ്‍സെടുത്ത് ജോ റൂട്ട് പുറത്തായി. ക്യാപ്റ്റൻ ഇയാൻ മോർഗൻ (51 പന്തിൽ 53) അർധ സെഞ്ചുറി നേടി.

ജേസൺ റോയ് (42 പന്തിൽ 40), ബെയർ സ്റ്റോ (31 പന്തിൽ 38), ബെൻ സ്റ്റോക്സ് (എട്ട് പന്തിൽ അഞ്ച്), ജോസ് ബട്‍ലർ (ഏഴ് പന്തിൽ നാല്), മൊയീൻ അലി (16 പന്തിൽ 13) എന്നിങ്ങനെയാണ് മറ്റു ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.31 പന്തിൽ അർധസെഞ്ചുറി തികച്ച് ഡേവി‍‍ഡ് വില്ലിയും പുറത്താകാതെ നിന്നു.

കഴിഞ്ഞ ഏകദിനത്തില്‍ ആറു വിക്കറ്റെടുത്ത കുല്‍ദീപ് ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചാഹലും ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ ഈ ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര തുല്യതയിലായി. നേരത്തെ ടിട്വന്റി പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.