2019ലെ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളെ കൂടുതലായി രംഗത്തിറക്കാന്‍ ബിജെപി നീക്കം; തിരിച്ചടി പേടിച്ചെന്ന് ആക്ഷേപം

single-img
15 July 2018

ന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പിന് വന്‍ മാര്‍ജിനില്‍ കുറഞ്ഞ വിജയമല്ലാതെ മറ്റൊന്നും ബി.ജെ.പിയുടെ അജണ്ടയിലില്ല. അതിന് മുന്നോടിയായി ബോളിവുഡ്-ക്രിക്കറ്റ് താരങ്ങള്‍, നവസംരംഭകര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ എന്നിവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

2014ല്‍ നേടിയതിനേക്കാളും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിജയമാണ് 2014 ല്‍ ബിജെപി നേടിയത്. 282 സീറ്റ് നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായി ബിജെപി മാറി. രാജ്യത്തിന്റെ മധ്യഉത്തരപടിഞ്ഞാറന്‍ മേഖലകളില്‍നിന്നു മാത്രം ബിജെപിക്ക് 232 സീറ്റുകള്‍ ലഭിച്ചു.

എന്നാല്‍ തങ്ങള്‍ക്ക് കടന്നൂ കൂടാന്‍ കഴിയാത്ത 120 ലോക്‌സഭ സീറ്റുകള്‍ രാജ്യത്തുണ്ടെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. ഈ മണ്ഡലങ്ങളിലാവും സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുക. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നില കൂടുതല്‍ മെച്ചപ്പെടുത്താമെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

ഗായകരായ മനോജ് തിവാരി, ബാബുല്‍ സുപ്രിയോ, നടന്മാരായ പ്രകാശ് റാവല്‍, കിരണ്‍ ഖേര്‍, ഒളിംപിക് ഷൂട്ടിങ് മെഡലിസ്റ്റ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കോളമിസ്റ്റ് പ്രതാപ് സിംഹ, മുന്‍സൈനിക മേധാവി വി.കെ.സിങ്, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ്, മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ സത്യപാല്‍ സിങ്, ഉദ്ധിത് രാജ് എന്നിവരാണു കഴിഞ്ഞ വര്‍ഷം മല്‍സരിച്ചു വിജയിച്ച പ്രമുഖര്‍. ഇവരുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്തുവെന്ന് ബിജെപി നേതാവ് പറഞ്ഞു.

നടന്‍ അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാന പടേക്കര്‍ എന്നിവര്‍ പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് മല്‍സരിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന പേരുകളാണിവയെന്നും കൂടുതല്‍ പേരെ ഇത്തരത്തില്‍ കണ്ടെത്താനാകുമോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.