അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍

single-img
15 July 2018

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായി. ആലുവ സ്വദേശിയായ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പൊലീസ് പിടികൂടുന്നത് ഇതാദ്യമായിട്ടാണ്.

അഭിമന്യുവിന്റെ കൊലപാതകം നടന്ന് രണ്ടാഴ്ചക്കുശേഷമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പൊലീസ് പിടിയിലാകുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെ നേരത്തെ അറസ്റ്റുചെയ്‌തെങ്കിലും എസ്എഫ്‌ഐ വിദ്യാര്‍ഥികളാണ് അവരെ പിടിച്ചു പൊലീസിന് നല്‍കിയത്.

കൊലപാതകത്തിന്റെ ഗൂഡാലോചനയിലടക്കം പങ്കുളളയാളാണ് ഇപ്പോള്‍ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സംഭവത്തിനുപിന്നാലെ ഒളിവില്‍ പോയ പ്രതിയെ ജില്ലയ്ക്ക് വെളിയില്‍നിന്നാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

അഭിമന്യു കൊല്ലപ്പെട്ടിട്ടു രണ്ടാഴ്ചയായിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍തപ്പുകയായിരുന്ന പോലീസിന് ഈ അറസ്റ്റ് ആശ്വാസമാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 11 പേര്‍ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. ജൂലൈ ഒന്നിന് അര്‍ധരാത്രിയാണ് അഭിമന്യു കൊല്ലപ്പെട്ടത്. ആസൂത്രിതമായി നടന്ന കൊലപാതകത്തിനുശേഷം പ്രതികളെ കൊച്ചിയില്‍നിന്നു മാറ്റിയതും ഇവരെ സംരക്ഷിക്കുന്നതും എസ്ഡിപിഐയുടെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.