ലോകമെങ്ങും കോമഡിയായി ട്രംപിന്റെ പുതിയ വീഡിയോ

single-img
14 July 2018

ലണ്ടന്‍: യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനം. എലിസബത്ത് രാജ്ഞിയുമായി ബ്രിട്ടനിലെ വിന്റ്‌സോറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപ് പ്രോട്ടോകോള്‍ ലംഘിച്ചത്. ട്രംപ് കൂടിക്കാഴ്ചക്ക് എത്താന്‍ വൈകിയതോടെ മിനിറ്റുകളോളമാണ് 92കാരിയായ എലിസബത്ത് രാജ്ഞിക്ക് പൊരിവെയിലില്‍ കാത്തു നില്‍ക്കേണ്ടി വന്നത്.

അല്‍പസമയത്തിനു ശേഷം എത്തിയ ട്രംപ് രാജ്ഞിയെ തല കുനിച്ച് ബഹുമാനം പ്രകടിപ്പിക്കുന്നതിനു പകരം ഹസ്തദാനം ചെയ്തതും വിമര്‍ശനത്തിനിടയാക്കി. ട്രംപിന്റെ പത്‌നി മെലാനിയയും രാജ്ഞിയെ ഹസ്തദാനം ചെയ്താണ് ആദരവ് പ്രകടിപ്പിച്ചത്.

ഇതിനിടെ വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നിരീക്ഷിച്ച് നടക്കുന്ന ട്രംപ് നിരവധി തവണ രാജ്ഞിക്ക് മുമ്പില്‍ നടക്കുന്നതും, ഇരു വശങ്ങളിലൂടെ മുന്നോട്ട് വരാന്‍ ശ്രമിക്കുന്ന രാജ്ഞിയെയും വീഡിയോയില്‍ കാണാം. അല്‍പസമയത്തിന് ശേഷം അബദ്ധം മനസ്സിലാക്കിയ ട്രംപ് നടത്തം നിര്‍ത്തി രാജ്ഞിയുടെ നിര്‍ദ്ദേശത്തിനായി കാത്തുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാജകുടുംബത്തിന്റെ ആചാരമര്യാദകള്‍ ലംഘിച്ച ട്രംപിനെ വിമര്‍ശിച്ചും കളിയാക്കിയും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉണ്ട്. യുഎസ് പ്രസിഡന്റായതിനുശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടനിലെ ആദ്യ സന്ദര്‍ശനത്തില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.