ഫോണ്‍ ഉപയോഗശൂന്യമായി പോകാന്‍ സാധ്യതയുണ്ട്; റെഡ്മി നോട്ട് 5 വാങ്ങിയവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഷവോമി

single-img
14 July 2018

എംഐയുഐ 10 ഗ്ലോബല്‍ ബീറ്റാ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ചൈനീസ് കമ്പനിയായ ഷവോമി. പഴയ പതിപ്പുകളിലേക്ക് തിരികെ പോകാന്‍ ശ്രമിച്ചാല്‍ ഫോണ്‍ ഉപയോഗശൂന്യമായി പോകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇത്തരം അവസ്ഥ ഉണ്ടായാല്‍ ഉടന്‍ തന്നെ ഫോണ്‍ അടുത്തുള്ള എംഐ സര്‍വ്വീസ് സ്റ്റേഷനില്‍ എത്തിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഷവോമി അടുത്തിടെ കൊണ്ടുവന്ന നയമാണ് പഴയ പതിപ്പുകളിലേക്ക് തിരികെ പോകുന്നതില്‍ നിന്നും ഉപയോക്താക്കളെ വിലക്കുന്നത്.

എന്നാല്‍ ഫോണിന്റെ സ്ഥിരതയും സുരക്ഷയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് കമ്പനി പറയുന്നത്. നേരത്തെയുണ്ടായിരുന്ന ബീറ്റാ, സാധാരണ പതിപ്പുകളിലേക്ക് മടങ്ങിപോകാന്‍ ശ്രമിക്കരുതെന്നും ഷവോമി മുന്നറിയിപ്പു നല്‍കുന്നുണ്ട്.

എംഐയുഐ സ്റ്റേബിള്‍ ROM v9.5.19 നോട്ട് 5, നോട്ട് 5 പ്രോ ഉപയോഗിക്കുന്നവര്‍ പുതിയ പതിപ്പുകളിലേക്ക് മാത്രമെ അപ്‌ഗ്രേഡ് ചെയ്യാന്‍ പാടുള്ളൂവെന്നും ഷവോമി അറിയിച്ചു. നെക്‌സസ്, പിക്‌സല്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ നടപ്പിലാക്കിയതിനു സമാനമായ നയമാണ് ഷവോമി ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്.