സംസ്ഥാനത്ത് മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യത

single-img
14 July 2018

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തില്‍ മൂന്നുദിവസം കനത്തമഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും.

ഇത് 60 കിലോമീറ്റര്‍വരെ കൂടാം. അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ താരതമ്യേന കുറഞ്ഞിരിക്കാനാണ് സാധ്യത. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ തെക്കന്‍ കേരളത്തില്‍ പൊതുവേ മഴ കുറവായിരിക്കുമെന്നതാണ് ദീര്‍ഘകാല അനുഭവം. കേരളത്തിലെ വടക്കന്‍ ജില്ലകളിലും മലയോരമേഖലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.