കണ്‍മുന്നില്‍ ഒരു വൃദ്ധന്‍ കുഴഞ്ഞുവീണിട്ടും പലരും കണ്ടഭാവം പോലും കാണിച്ചില്ല… പക്ഷേ ഈ 4 പെണ്‍കുട്ടികള്‍…; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലെ ആ വിദ്യാര്‍ഥിനികള്‍ ഇവരാണ്

single-img
14 July 2018

Posted by Vinitha Mohan on Wednesday, July 11, 2018

നിറമണ്‍കര എന്‍.എസ്.എസ് കോളേജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനികളായ ദീപിക, കീര്‍ത്തി, ജ്യോത്സ്‌ന, ശ്രീലക്ഷ്മി എന്നിവര്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് ഒരു വൃദ്ധന്‍ കുഴഞ്ഞുവീണത്. ചുറ്റുമുള്ള പലരും കണ്ട ഭാവം പോലും കാണിച്ചില്ല.

പക്ഷേ കുഴഞ്ഞുവീണ ആ മനുഷ്യനെ കണ്ടില്ലെന്ന് നടിച്ച് വീട്ടില്‍ പോകാന്‍ ഇവര്‍ തയാറായില്ല. കയ്യിലിരുന്ന പുസ്തകം വച്ച് അതില്‍ ഒരാള്‍ അയാള്‍ക്ക് വീശി കൊടുത്തു. പിന്നീട് ഇവര്‍തന്നെ ആംബുലന്‍സിന് ഫോണ്‍ ചെയ്തു. നിമിഷനേരം കൊണ്ട് ആംബുലന്‍സ് പാഞ്ഞെത്തി.

പക്ഷേ അയാള്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകാന്‍ പോലും അവിടെ കൂടിനിന്നവരാരും തയാറായില്ല. ഒടുവില്‍ ആ പെണ്‍കുട്ടികള്‍ തന്നെ അയാളെ ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും ആ മനുഷ്യന്റെ ജീവന്‍ പോയിരുന്നു.

എങ്കിലും ഈ വിദ്യാര്‍ഥിനികളുടെ നന്‍മയെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. ഇവരുടെ നന്‍മയെ ചൂണ്ടിക്കാണിച്ച് അധ്യാപിക വിനീത മോഹന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിച്ചും വൈറലാവുകയാണ്.

അധ്യാപികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഞാന്‍ അഭിമാനിക്കുന്നു… എന്റെ പെണ്‍കുട്ടികള്‍… എന്‍ എസ് എസ് കോളേജ് നിറമണ്‍കരയിലെ രണ്ടാം വര്‍ഷ തത്വശാസ്ത്ര വിദ്യാര്‍ത്ഥിനികള്‍. കഴിഞ്ഞ വെള്ളിയാഴ്ച.. വൈകിട്ട് അഞ്ചു മണിക്ക് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കവെ അവരുടെ മുന്നില്‍ കുഴഞ്ഞു വീണ വൃദ്ധന്‍.. ആംബുലന്‍സ് വിളിച്ചു വരുത്തി.

റോഡില്‍ നിന്ന മറ്റാരും കൂടെ പോകാന്‍ തയാറാകാതിരുന്നപ്പോള്‍ അവര്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.. വേദനയോടെ പറയട്ടെ, അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു. ആശുപത്രിയില്‍ സമയത്തിന് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല…

എങ്കിലും എന്റെ വിദ്യാര്‍ത്ഥിനികളുടെ നന്മ, ജീവിതത്തില്‍ പകര്‍ത്തിയ മൂല്യബോധം എന്നെ സന്തോഷിപ്പിക്കുന്നു…ഞാന്‍ അഭിമാനിക്കുന്നു.. . ദീപിക, കീര്‍ത്തി, ജ്യോത്സ്‌ന, ശ്രീലക്ഷ്മി…… (സിസിടിവി ദൃശ്യം…. റെസിഡന്‍സ് അസോസിയേഷന്‍ അനുമോദനം )കൂട്ടിച്ചേര്‍ക്കട്ടെ.. വിവരം അറിഞ്ഞ ഞാന്‍ സ്‌നേഹം അറിയിക്കാനായി അവരെ രാത്രി എട്ടുമണിക്ക് വിളിക്കുമ്പോള്‍ അവര്‍ രണ്ടുപേര്‍ ബസിലാണ്. വീടെത്തിയിട്ടില്ല.. അത്രയും ദൂരെ പോകേണ്ടവര്‍.. )

……