നീരവ് മോദിയില്‍ നിന്ന് വജ്രാഭരണങ്ങള്‍ വാങ്ങിയ 50 സമ്പന്നര്‍ നിരീക്ഷണത്തില്‍

single-img
14 July 2018

പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ 50 പേര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷത്തില്‍. ഇവരുടെ ആദായ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. ഇവര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസും നല്‍കിയിട്ടുണ്ട്.

നീരവ് മോദിയില്‍ നിന്ന് വിലകൂടിയ സ്വര്‍ണ, രത്‌ന ആഭരണങ്ങള്‍ വാങ്ങിയ ചിലര്‍ പകുതി പണം ചെക്കായും അല്ലെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നല്‍കിയതിന് ശേഷം ബാക്കി കറന്‍സിയായി നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍, ആദായ നികുതി വകുപ്പിന് നല്‍കിയ മറുപടിയില്‍ പണമായി തുക നല്‍കിയിട്ടില്ലെന്നാണ് മിക്കവരും അറിയിച്ചത്. ഇതാകട്ടെ ആദായ നികുതി വകുപ്പിന് ലഭിച്ച രേഖകളുമായി യോജിക്കുന്നുമില്ല. ക്രമക്കേട് കണ്ടെത്തിയാല്‍ ഈ വ്യക്തികള്‍ക്കെതിരെ നികുതി വെട്ടിപ്പ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ടി വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട റെവാരി ഹോസ്പിറ്റല്‍ ഗ്രൂപ്പില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നേരത്തെ, നികുതി വെട്ടിപ്പിന് നീരവ് മോദിക്കെതിരെ ആദായ നികുതി വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.